മെസിയുടെ മുഖത്തടിക്കാൻ ഗ്രീസ്മനോടാവശ്യപ്പെട്ട് മുൻ ഫ്രഞ്ച് താരം

ബാഴ്സലോണ നായകനായ ലയണൽ മെസിയെ വളരെ മോശമായ രീതിയിൽ അധിക്ഷേപിച്ച് മുൻ ഫ്രഞ്ച് താരമായ ക്രിസ്റ്റഫെ ഡുഗറി. ഓട്ടിസം ബാധിച്ച് വളർച്ച മുരടിച്ച മെസിയുടെ മുഖത്തടിക്കണമെന്നാണ് ഡുഗറി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ഗ്രീസ്മൻ ബാഴ്സയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഡുഗറിയുടെ മോശമായ രീതിയിലുള്ള പ്രതികരണം.

“ഗ്രീസ്മൻ ആരെയാണു ബാഴ്സയിൽ പേടിക്കുന്നതെന്നാണ് പറഞ്ഞത്? 1.5 മീറ്റർ മാത്രം ഉയരമുള്ള ഓട്ടിസം ബാധിച്ചു പകുതി വരൾച്ച മുരടിച്ച ഒരു താരത്തെയോ. ഗ്രീസ്മനെന്തെങ്കിലും പ്രശ്നമുണ്ടായാൽ അയാളുടെ മുഖത്തടിക്കുകയാണു ചെയ്യേണ്ടത്.” എസ്പോർട്സ് കോപിനു നൽകിയ അഭിമുഖത്തിൽ ഡുഗറി പറഞ്ഞു.

സംഭവം വിവാദമായതിനെ തുടർന്ന് പ്രസ്താവനയിൽ ഫ്രഞ്ച് താരം ക്ഷമാപണവും നടത്തി. “മെസിയെക്കുറിച്ചു ഞാൻ നടത്തിയ പ്രസ്താവനയിലും അതിലുപയോഗിച്ച വാക്കുകളിലും ഞാൻ ക്ഷമ ചോദിക്കുന്നു. ഓട്ടിസം ബാധിച്ച ആളുകളെ കളിയാക്കിയോ അവരെ അധിക്ഷേപിക്കുകയോ ഉദ്ദേശിച്ചല്ല ഞാനാ വാക്കുകൾ ഉപയോഗിച്ചത്.” മുൻ ഫ്രഞ്ച് താരം പറഞ്ഞു.

1998ലെ ലോകകപ്പ് ജേതാവായ ഡുഗറി സെറ്റിയനെതിരെയും രൂക്ഷമായി പ്രതികരിച്ചിരുന്നു. ബാഴ്സ പരിശീലകന് ഒരു തരത്തിലുള്ള പോരാട്ട വീര്യവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ടീമിനു വേണ്ട രീതിയിൽ പകരക്കാരെ ഇറക്കാനുള്ള കഴിവു പോലും സെറ്റിയനില്ലെന്നും ഡുഗറി വ്യക്തമാക്കി. ഗ്രീസ്മനല്ലെങ്കിൽ മറ്റൊരു താരത്തിന് ഈ ഗതി വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.