അൻസു ഫാറ്റിക്കു പകരം പുതിയ യുവതാരത്തെ പരീക്ഷിക്കാൻ ബാഴ്സലോണ

കാൽമുട്ടിനു പരിക്കേറ്റു ശസ്ത്രക്രിയ പൂർത്തിയാക്കി നാലു മാസത്തോളം പുറത്തിരിക്കുന്ന അൻസു ഫാറ്റിക്കു പകരക്കാരനായി യുവതാരത്തെ ടീമിൽ പരീക്ഷിക്കാൻ ബാഴ്സലോണ ഒരുങ്ങുന്നു. ബാഴ്സലോണ ബി ടീമിൽ നിന്നും സീനിയർ ടീമിലെത്തിയ അമേരിക്കൻ താരം കൊൺറാഡ് ലെ ഫുവന്റക്കാണ് ടീമിൽ കൂടുതൽ അവസരം നൽകാൻ പരിശീലകൻ കൂമാൻ ഒരുങ്ങുന്നത്.

സീസൺ ആരംഭിച്ചതു മുതൽ ബാഴ്സലോണ ടീമിൽ പ്രധാനിയായിരുന്നു അൻസു ഫാറ്റി. ലീഗിൽ ബാഴ്സക്കു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയിരിക്കുന്നതും പതിനെട്ടുകാരനായ സ്പാനിഷ് താരം തന്നെയാണ്. എന്നാൽ റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ പ്രതിരോധതാരം ഐസ മെൻഡിയുടെ ഫൗളിൽ പരിക്കേറ്റതിനെ തുടർന്നാണ് ഫാറ്റിക്കു ശസ്ത്രക്രിയ വേണ്ടി വന്നത്.

ഫാറ്റിയെ പോലെ വേഗതയും ഡ്രിബ്ലിങ്ങ് മികവുമുള്ള ലെഫ്റ്റ് വിങ്ങിൽ കളിക്കാൻ കഴിയുന്ന കൊൺറാഡ് പ്രീ സീസണിൽ മികവു കാണിച്ചിരുന്നെങ്കിലും സീസണിൽ അവസരം ലഭിച്ചിരുന്നില്ല. എങ്കിലും ക്ഷമയോടെ കാത്തിരിക്കുന്ന താരത്തിന്റെ കഠിനാധ്വാനം ചെയ്യാനുള്ള മനസാണ് കൂമാനെ ആകർഷിച്ചതെന്ന് സ്പാനിഷ് മാധ്യമം മുണ്ടോ ഡിപോർടിവോ റിപ്പോർട്ടു ചെയ്യുന്നു. അടുത്ത മത്സരങ്ങളിൽ താരം അരങ്ങേറ്റം കുറിച്ചേക്കും.

നിലവിൽ അമേരിക്കൻ ടീമിനൊപ്പമുള്ള കൊൺറാഡ് വെയിൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ദേശീയ ടീമിലും അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. വളരെ കഠിനാധ്വാനിയായ കൊൺറാഡിനെ അമേരിക്കൻ പരിശീലകൻ ഗ്രെഗ് ബെർഹാൾട്ടറും പ്രശംസിച്ചിരുന്നു.

Rate this post