അവനുണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു; പരാജയത്തിന് പിന്നാലെ ടെൻ ഹാഗിനെതിരെ രൂക്ഷ വിമർശനം

ആഴ്‌സനലിനോട് പരാജയപ്പെട്ടതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗിന് നേരിടേണ്ടി വരുന്നത്. മത്സരത്തിന്റെ പല മേഖലകളിൽ നിന്നും ടെൻഹാഗിന് വിമർശനമുയരുമ്പോൾ പ്രധാനമായും ഉയരുന്ന വിമർശനം മുൻ ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയയെ ചുറ്റിപ്പറ്റിയാണ്.

നീണ്ട 12 വർഷക്കാലം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വല കാത്ത താരമാണ് ഡിഹിയ. എന്നാൽ ടെൻ ഹാഗിന്റെ വരവോടുകൂടി ഡി ഹിയ ടീമിൽ നിന്ന് പുറത്താവുകയും പകരം ഇന്റർ മിലാനിൽ നിന്ന് ഒനാനെയെ ടെൻ ഹാഗ് ടീമിലെത്തിക്കുകയും ചെയ്തു. ഡിഹിയയെക്കാൾ മികച്ചവൻ എന്ന വിശേഷണവും ഒനാനയ്ക്കുണ്ടായിരുന്നു.

എന്നാൽ ലീഗിലെ ആദ്യ നാലു മത്സരങ്ങൾ പിന്നിട്ടപ്പോൾ എട്ടു ഗോളുകളാണ് ഒനാന വഴങ്ങിയത്. ഇന്നലെ ആഴ്സനലിനെതിരെ ഇഞ്ചുറി ടൈമിൽ ഗോൾ വഴങ്ങിയതും ഒനാനയുടെ പിഴവായി ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഡി ഹിയയ്ക്ക് പകരം ഒനാനയെ ടീമിലെത്തിച്ച ടെൻ ഹാഗിന്റെ നീക്കത്തിനെതിരെ പ്രതിഷേധമുയരുകയാണ്.

ഗോൾവലയ്ക്ക് മുന്നിൽ അസാമാന്യ പ്രകടനം നടത്തി പലപ്പോഴായും യുണൈറ്റഡിനെ രക്ഷിച്ച താരമായിരുന്നു ഡി ഹിയ. ഒരുപക്ഷേ ഡിഹിയ ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ ഇന്നലത്തെ മത്സരത്തിന്റെ റിസൾട്ട് പോലും മാറിമറിഞ്ഞേനെ എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

1/5 - (1 vote)