ഫിഫയുടെ മികച്ച താരത്തിനുള്ള അവാർഡിന് റൊണാൾഡോയും മെസ്സിയും ആർക്കാണ് വോട്ട് ചെയ്തത് ?
ഫിഫയുടെ മികച്ച താരത്തിനുള്ള അവാർഡിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റോബർട്ട് ലെവൻഡോവ്സ്കിക്ക് വോട്ട് ചെയ്തപ്പോൾ ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്ൻ ടീം അംഗമായ നെയ്മറെ പിന്തുണച്ചു.ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരമായ ഫിഫ ബെസ്റ്റ് തുടർച്ചയായ രണ്ടാം തവണയും ലെവൻഡോസ്കി സ്വന്തമാക്കിയിരിക്കുകയാണ്. മൊ സലായെയും ലയണൽ മെസ്സിയെയും മറികടന്നാണ് ലെവൻഡോസ്കി ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയത്.
ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമങ്ങൾ, ആരാധകർ എന്നിവരിൽ നിന്ന് ലഭിച്ച വോട്ടുകൾക്ക് ശേഷം ലെവൻഡോവ്സ്കിക്ക് 48 പോയിന്റുകൾ ലഭിച്ചു, മെസ്സി 44 പോയിന്റുമായി രണ്ടാം സ്ഥാനത്തും സലായ്ക്ക് 39 പോയിന്റും ലഭിച്ചു.മാഞ്ചസ്റ്റർ യുണൈറ്റഡ് താരം തന്റെ ടോപ്പ് വോട്ട് ലെവൻഡോവ്സ്കിക്ക് നൽകിയപ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും ചെൽസി മിഡ്ഫീൽഡർമാരായ എൻ’ഗോലോ കാന്റെയ്ക്കും ജോർഗിഞ്ഞോയ്ക്കും നൽകി.
ലയണൽ മെസ്സി തന്റെ ടോപ്പ് വോട്ട് നെയ്മറിന് നൽകി, രണ്ടാമത്തേത് മറ്റൊരു പിഎസ്ജി സഹതാരമായ കൈലിയൻ എംബാപ്പെക്ക് നൽകി. മൂന്നാമത്തെ വോട്ട് റയൽ മാഡ്രിഡ് സ്ട്രൈക്കർ കരിം ബെൻസെമക്കും നൽകി.ലെവൻഡോവ്സ്കി ഒന്നാം നമ്പർ വോട്ട് ജോർഗിഞ്ഞോക്ക് കൊടുത്തു എന്നാൽ തന്റെ രണ്ടാമത്തെ വോട്ട് മെസ്സിക്കും മൂന്നാമത്തെ വോട്ട് റൊണാൾഡോയ്ക്കും നൽകി.
2021 ലെ ബാലൺ ഡി ഓർ പോരാട്ടത്തിൽ മെസ്സിക്ക് മുന്നിൽ ലെവെൻഡോസ്കി കീഴടങ്ങിയിരുന്നു.എന്നാൽ ഫിഫ ബെസ്റ്റ് അവാർഡ് നേടിക്കൊണ്ട് ആ സങ്കടം മാറ്റിയിരിക്കുകയാണ്.കഴിഞ്ഞ രണ്ട് വർഷമായി ലെവൻഡോവ്സ്കി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു. കഴിഞ്ഞ സീസണിൽ ബുണ്ടസ്ലിഗയിൽ 41 ഗോളുകൾ നേടി ഇതിഹാസ താരം ഗെർഡ് മുള്ളറുടെ റെക്കോർഡ് തകർത്തു. 2021 വർഷം മുഴുവനും, ക്ലബ്ബിനും രാജ്യത്തിനുമായി ലെവൻഡോവ്സ്കി 69 ഗോളുകൾ നേടിയിട്ടുണ്ട്. ലെവൻഡോസ്കിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു അവസാന രണ്ടു സീസണിലേത്. ഇത്തവണ യൂറോപ്പിലെ ടോപ് സ്കോറർ ആയിരുന്നു ലെവൻഡോസ്കി.