“ഫിഫ സ്പെഷ്യൽ അവാർഡ് നേടിയതിന് ശേഷം വിരമിക്കലിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ”

സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ നടന്ന മികച്ച ഫിഫ അവാർഡ് ദാന ചടങ്ങിൽ ഫിഫ സ്‌പെഷ്യൽ അവാർഡ് ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ ഹൃദയസ്പർശിയായ പ്രസംഗം നടത്തി. കഴിഞ്ഞ വർഷം ഇറാനിയൻ ഇതിഹാസം അലി ദേയിയുടെ 109 ഗോളുകൾ മറികടന്ന് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന പുരുഷ ഫുട്‌ബോളറായി മാറിയതിനാണ് പോർച്ചുഗീസ് ഇതിഹാസം ആദരിക്കപ്പെട്ടത്. നിലവിൽ റൊണാൾഡോയുടെ പേരിൽ 115 അന്താരാഷ്ട്ര ഗോളുകൾ ഉണ്ട്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയിൽ നിന്ന് ട്രോഫി സ്വീകരിച്ച ശേഷം സംസാരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ഇപ്പോഴൊന്നും ഗെയിമിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യ്കതമാക്കി.

“ഇതൊരു സ്വപ്നമാണ്. ഒന്നാമതായി, എന്റെ ടീമംഗങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് കഴിഞ്ഞ 20 വർഷത്തിനിടെ ദേശീയ ടീമിനായി എന്നോടൊപ്പം കളിച്ചവരോട് .അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ റെക്കോർഡ് 109 ആയിരുന്നു ഇപ്പോൾ ഞാൻ അതിനേക്കാൾ ആറു ഗോളുകൾ കൂടുതൽ നേടിയിട്ടുണ്ട്.ഫിഫയുടെ ഒരു പ്രത്യേക പുരസ്‌കാരമാണിത്, ഞാൻ വളരെയധികം ബഹുമാനിക്കുന്ന സംഘടനയാണിത്. ഈ മഹത്തായ നേട്ടത്തിൽ ഞാൻ അഭിമാനിക്കുന്നു. എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോറർ ആകാൻ കഴിഞ്ഞത് വലിയ കാര്യമാണ്” അവാർഡ് സ്വീകരിച്ച് റൊണാൾഡോ പറഞ്ഞു.

“എനിക്ക് ഇപ്പോഴും കളിയോടുള്ള അഭിനിവേശമുണ്ട്, അത് എന്നെത്തന്നെ രസിപ്പിക്കുന്നു,ഞാൻ പരിശീലിക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു, എന്റെ പ്രചോദനം ഇപ്പോഴും അവിടെയുണ്ട്. എനിക്ക് ഉടൻ 37 വയസ്സാകാൻ പോകുന്നു. ഞാൻ എത്ര വർഷം കളി തുടരുമെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു – നാലോ അഞ്ചോ വർഷം കൂടി കളിക്കാൻ ഞാൻ പ്രതീക്ഷിക്കുന്നു. ശാരീരികമായി നിങ്ങൾ നിങ്ങളുടെ ശരീരത്തെ നന്നായി കൈകാര്യം ചെയ്താൽ, അത് നിങ്ങൾക്ക് എന്തെങ്കിലും തിരികെ നൽകും. എനിക്ക് ഗെയിം ഇഷ്ടമാണ്, തുടരാൻ ഞാൻ ആഗ്രഹിക്കുന്നു” സൂപ്പർ താരം കൂട്ടിച്ചേർത്തു.

36 വയസ്സായിട്ടും റൊണാൾഡോ ക്ലബ്ബിന്റെയും രാജ്യത്തിന്റെയും പ്രധാന കളിക്കാരനായി തുടരുന്നു. 2022 ലോകകപ്പ് പ്ലേഓഫുകളിൽ പോർച്ചുഗലിനെ ഈ വർഷാവസാനം മുന്നിൽ നിന്ന് നയിക്കാനും തന്റെ രാജ്യത്തിന് വേണ്ടി തലയുയർത്തി നിൽക്കാനുമുള്ള ഉത്തരവാദിത്തം വീണ്ടും ഇതിഹാസ താരത്തിനായിരിക്കും.

ഫിഫയുടെ വേൾഡ് ഇലവനിലും റൊണാൾഡോ ഇടം നേടി.പതിവിൽ നിന്നും വിഭിന്നമായ നാല് ഫോർവേഡ്സിനെയാണ് ഫിഫ ഇലവനിൽ ഉൾപ്പെടുത്തിയത്. പിഎസ്ജിയുടെ ഗോൾ കീപ്പർ ഡൊണ്ണരുമ ഇലവനിൽ ഇടം നേടി. പ്രതിരോധത്തിൽ റയൽ താരം അലാബ, യുവന്റസിന്റെ ഇറ്റാലിയൻ താരം ബൊണൂചി, സിറ്റിയുടെ റൂബൻ ഡിയാസ് എന്നിവരാണ് ഉൾപ്പെട്ടത്. മധ്യനിരയിൽ കെവിൻ ഡിബ്ര്യുയെനും കാന്റെയും ജോർഗീഞ്ഞ്യോയുമാണുള്ളത്‌. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെവൻഡോസ്കി, ഹാളണ്ട്, ലയണൽ മെസ്സി എന്നിവർ മുൻ നിരയിലും.