തകർപ്പൻ പ്രകടനത്തോടൊരു 15 കാരന്റെ അരങ്ങേറ്റം, ബാഴ്സലോണയുടെ ഭാവി ഭദ്രം

പ്രതിഭാധനരായ താരങ്ങളെ സൃഷ്‌ടിക്കുന്ന കാര്യത്തിൽ എന്നും മുൻപന്തിയിലുള്ള ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽ നിന്നും മറ്റൊരു താരം കൂടി സീനിയർ ടീമിലേക്ക്. കഴിഞ്ഞ ദിവസം നടന്ന റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ അരങ്ങേറ്റം നടത്തിയ ലാമിൻ യമാൽ ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുമ്പോൾ വെറും പതിനഞ്ച് വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം.

ഒരു നൂറ്റാണ്ടിനിടയിൽ ബാഴ്‌സലോണ സീനിയർ ടീമിനായി അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ലാമിൻ യമാൽ. ഇതിനു മുൻപ് 1920ൽ, തന്റെ പതിനാലാം വയസിൽ ബാഴ്‌സലോണക്കായി അരങ്ങേറ്റം നടത്തിയ അർമാൻഡ് മാർട്ടിനസ് സാഗിയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നിരവധി യുവതാരങ്ങൾ ഉണ്ടായി വന്ന ലാ മാസിയക്ക് കൂടുതൽ അഭിമാനമാണ് ലാമിൻ യമാൽ.

മത്സരത്തിൽ ഗംഭീര പ്രകടനം നടത്താൻ യമാലിന് കഴിഞ്ഞിരുന്നു. അവസാനത്തെ പതിനൊന്നു മിനുട്ട് മാത്രം കളത്തിലുണ്ടായിരുന്ന താരത്തിന് ഇറങ്ങിയ ഉടനെ തന്നെ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും അത് ഗോൾകീപ്പർ തടഞ്ഞിട്ടു. അതിനു ശേഷം ഡെംബലെക്ക് ഗോൾ നേടാൻ ഒരു സുവർണാവസരം താരം നൽകിയെങ്കിലും പന്ത് ഒതുക്കി നിർത്താൻ ഫ്രഞ്ച് താരത്തിന് കഴിയാതിരുന്നത് തിരിച്ചടിയായി.

മത്സരത്തിന് ശേഷം പരിശീലകൻ സാവി യമാലിനെ പ്രശംസിക്കുകയുണ്ടായി. പതിനഞ്ചു വയസ് മാത്രമേയുള്ളൂവെങ്കിലും ആത്മവിശ്വാസത്തോടു കൂടി അസാമാന്യമായ പ്രകടനമാണ് താരം നടത്തുന്നതെന്നും സീനിയർ ടീമിൽ കൂടുതൽ അവസരങ്ങൾ താരം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു, ഒരു ഗോളും അസിസ്റ്റും താരത്തിന് നഷ്ടമായത് ദൗർഭാഗ്യം കൊണ്ടാണെന്നും സാവി കൂട്ടിച്ചേർത്തു.

മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. ക്രിസ്റ്റൻസെൻ, ലെവൻഡോസ്‌കി, റാഫിന്യ എന്നിവർ ബാഴ്‌സക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ ഒരെണ്ണം ഗുയ്‌ഡോ റോഡ്രിഗസിന്റെ സെൽഫ് ഗോളായിരുന്നു. ഇതോടെ ലീഗ് ടേബിളിൽ റയൽ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിൽ തുടരുകയാണ് ബാഴ്‌സലോണ.

Rate this post