” ഐ എസ് എല്ലിൽ ഒരിക്കൽ പോലും സെമി ഫൈനൽ കേരള ബ്ലാസ്റ്റേഴ്സിനെ ചതിച്ചിട്ടില്ല “
ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രം പരിശോധിച്ചു നോക്കുമ്പോൾ പ്രകടനത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് വളരെ പുറകിൽ തന്നെയാണ്. ഈ സീസൺ മാറ്റി നിർത്തിയാൽ രണ്ടു തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സ് പ്ലെ ഓഫിൽ എത്തിയിട്ടുള്ളത്. 2014 ലെ ആദ്യ സീസണിലും 2016 ലെ മൂന്നമത്തെ സീസണിലുമാണ് ബ്ലാസ്റ്റേഴ്സ് പ്ലെ ഓഫിലെത്തിയത്. ഇന്ന് രണ്ടാം പാദ സെമിയിലിറങ്ങുമ്പോൾ ചരിത്രം ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രം പരിശോധിച്ചു നോക്കുകയെങ്കിൽ സെമിയിൽ ഒരിക്കൽ പോലും പരാജയപെട്ടിട്ടില്ല.രണ്ട് തവണ സെമിയിലെത്തിയപ്പോഴും വിജയത്തിന്റെ അകമ്പടിയോടെ ടീം ഫൈനലിലെത്തി.കേരള ബ്ലാസ്റ്റേഴ്സ് ഇതിനുമുമ്പ് കളിച്ച രണ്ട് സെമിഫൈനലുകള്‍ നാടകീയതയും അവസാനനിമിഷംവരെ ആവേശം നിറഞ്ഞതുമായിരുന്നു. ഒരു സെമിഫൈനല്‍ എക്സ്ട്രാ ടൈമിലും മറ്റൊന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടിലുമാണ് അവസാനിച്ചത്. രണ്ടിലും ജയം ടീമിനൊപ്പമായിരുന്നു. ഇത്തവണ ആദ്യ പാദത്തിൽ ഒരു ഗോളിന് ജയിച്ച ബ്ലാസ്റ്റേഴ്സിന് ഇന്ന് സമനില നേടിയാൽ പോലും ഫൈനലിൽ സ്ഥാനം പിടിക്കാൻ സാധിക്കും.
2014-ലാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായി ഐ.എസ്.എല്‍ സെമിയിലെത്തിയത്. പ്രഥമ ഐ.എസ്.എല്‍. സെമിഫൈനലില്‍ ചെന്നൈയിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളി..ഐ എസ് എൽ കണ്ട ഏറ്റവും മികച്ച മത്സരത്തിന്റെ ഭാഗമായി ചെന്നൈ എഫ് സിയെ ഇരുപാദങ്ങളുമായി (4 -3 )ന് തകർത്ത് ഫൈനലിൽ എത്തിയത് .കൊച്ചിയില്‍വച്ച് നടന്ന ആദ്യ പാദ സെമിയില്‍ ബ്ലാസ്റ്റേഴ്സ് 3-0ന് ജയിച്ചു. ഇഷ്ഫാഖ് അഹമ്മദ്, ഹ്യൂം ,സുശാന്ത് മാത്യു എന്നിവരായിരുന്നു മഞ്ഞപ്പടയുടെ ഗോള്‍ നേട്ടക്കാര്‍.ചെന്നൈയിൽ വച്ച് നടന്ന രണ്ടാം പാദ സെമിയില്‍ ചെന്നൈയിന് നിശ്ചിത സമയത്ത് 3-0ന്റെ ജയം നേടി. 90-ാം മിനിറ്റില്‍ ലാല്പക്വെലയുടെ ഗോളിലായിരുന്നു ചെന്നൈയിന് സമനില നേടിയത് കെട്ടിയത്. തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ 117-ാം മിനിറ്റില്‍ സ്കോട്ടിഷ് താരം സ്റ്റീഫെന്‍ പോള്‍ പിയേഴ്സന് നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ഇരു പാദങ്ങളിലുമായി 4-3ന്റെ ജയത്തോടെ ഫൈനലിലേക്ക് കടന്നു.
2016-ലാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി ഐ.എസ്.എല്‍ സെമി ഫൈനല്‍ കളിച്ചത്. ഇത്തവണ ഡല്‍ഹി ഡൈനാമോസായിരുന്നു എതിരാളി.കൊച്ചിയില്‍വച്ച് നടന്ന ആദ്യ പാദ സെമിയില്‍ ഫെര്ഫോര്ട്ടിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് 1-0ന്റെ ജയം സ്വന്തമാക്കി. എന്നാല്‍, രണ്ടാം പാദത്തില്‍ ഡല്‍ഹി 2-1ന്റെ ജയം നേടി. അധിക സമയത്തും വിജയികളെ നിശ്ചയിക്കാൻ സാധിക്കാതെ വന്നത്തോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. ഡൽഹി താരങ്ങൾ പെനാൽട്ടി മത്സരിച്ച് പാഴാക്കിയപ്പോൾ മൂന്നു വർഷത്തിനിടെ രണ്ടാം തവണയും ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഇടം പിടിച്ചു.