❝ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് ആ താരങ്ങളിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്❞: ഫ്ലോറന്റിൻ പോഗ്ബ |Florentin Pogba
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എടികെ മോഹൻ ബഗാൻ ശനിയാഴ്ച ഫ്രഞ്ച് ഫുട്ബോൾ താരം പോൾ പോഗ്ബയുടെ മൂത്ത സഹോദരൻ ഫ്ലോറന്റിൻ പോഗ്ബയെ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചിരുന്നു.എഫ്‌സി സോചൗക്‌സ്-മോണ്ട്ബെലിയാർഡിനായി ഫ്രഞ്ച് ലീഗ് 2-ൽ കളിച്ചിരുന്ന ഗിനിയൻ സെൻട്രൽ ഡിഫൻഡർ മോഹൻ ബഗാന്റെ പ്രതിരോധം കൂടുതൽ ശക്തിയുള്ളതാക്കും.
2020-ൽ സോചൗക്സ്-മോണ്ട്ബെലിയാർഡിനായി സൈൻ അപ്പ് ചെയ്തതിന് ശേഷം 31-കാരൻ 62 മത്സരങ്ങൾ കളിച്ചു.മൂന്ന് തവണ ഐഎസ്എൽ നേടിയ എടികെ മോഹൻ ബഗാൻ കഴിഞ്ഞ സീസണിൽ ലീഗ് സ്റ്റാൻഡിംഗിൽ നാലാം സ്ഥാനത്തായിരുന്നു. അവർ പ്ലേ ഓഫിൽ എത്തിയെങ്കിലും സെമിയിൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിയോട് തോറ്റു.”ഇത് എനിക്കൊരു പുതിയ അവസരമാണ്. രാജ്യത്തെയും പുതിയ ചാമ്പ്യൻഷിപ്പുകളും നിരവധി ക്ലബ്ബുകളും അറിയാൻ ഇത് എനിക്ക് അവസരം നൽകും. പാരമ്പര്യത്താൽ സമ്പന്നമായ ഒരു ക്ലബ്ബുമായാണ് എനിക്ക് കളിക്കളത്തിൽ പ്രവേശിക്കാൻ കഴിയുന്നത്. ഇത് എനിക്ക് വളരെ വലുതാണ്,” ഫ്ലോറന്റിൻ പോഗ്ബ പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിനെക്കുറിച്ച് എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്, എങ്കിലും മുമ്പ് ഇന്ത്യയിൽ കളിച്ചിട്ടുള്ള ഇതിഹാസതാരങ്ങളായ റോബർട്ട് പൈറസ്, നിക്കോളാസ് അനെൽക്ക തുടങ്ങിയവരിൽ നിന്ന് ഇവിടുത്തെ ഫുട്ബോളിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്, അതിൽ നിന്ന് മനസിലായത് ഇന്ത്യയിൽ ഫുട്ബോളിന് വലിയ പരിഗണനയുണ്ടെന്നും രാജ്യത്താകമാനം ആരാധകരുമുണ്ടെന്നാണ്, ഫ്ലോറെന്റിൻ പറഞ്ഞു.” കാണികളും പിന്തുണക്കാരും ക്ലബ്ബിന്റെ ഹൃദയമിടിപ്പാണ്. അവരുടെ പിന്തുണയോടെ മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ കളിക്കുന്നത് എനിക്ക് എന്നും ഇഷ്ടമാണ്. ഇവിടെയും അതുതന്നെ കിട്ടും എന്നറിയുമ്പോൾ എന്നിൽ സന്തോഷം നിറയുന്നു. ഗ്രീൻ, മെറൂൺ ആരാധകർക്ക് മുന്നിൽ കളിക്കാനുള്ള എന്റെ ഊഴത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും!”കൊൽക്കത്തയിലെ ഫുട്ബോൾ ആരാധകരെക്കുറിച്ച് പോഗ്ബ പറഞ്ഞു.
6 അടി 4 ഇഞ്ച് ഡിഫൻഡർക്ക് സീനിയർ ലെവലിൽ കളിക്കാൻ ഗിനിയയിലേക്ക് പോകുന്നതിന് മുമ്പ് ജൂനിയർ ഫ്രഞ്ച് ദേശീയ ടീമിനായി കളിച്ച പരിചയവും ഉണ്ട്. 2010ൽ അരങ്ങേറ്റം കുറിച്ച ഫ്ലോറന്റിൻ പോഗ്ബ ഗിനിയക്കായി 31 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.സെപ്റ്റംബറിൽ നടക്കുന്ന എഎഫ്‌സി കപ്പ് 2022 ഇന്റർ-സോൺ പ്ലേ-ഓഫ് സെമി ഫൈനലിന് മുന്നോടിയായുള്ള എടികെഎംബിയുടെ രണ്ടാമത്തെ പ്രധാന സൈനിംഗാണിത്.
ഓസ്‌ട്രേലിയൻ എ-ലീഗ് ടീമായ മെൽബൺ വിക്ടറിക്ക് വേണ്ടി കളിച്ച 29 കാരനായ സെൻട്രൽ ഡിഫൻഡർ ബ്രണ്ടൻ ഹാമിലിനെ രണ്ട് വർഷത്തെ കരാറിൽ സൈൻ ചെയ്യുന്നതായി വ്യാഴാഴ്ച എടികെ മോഹൻ ബഗാൻ പ്രഖ്യാപിച്ചിരുന്നു.ബെംഗളൂരു എഫ്‌സിയിൽ നിന്നുള്ള ഇന്ത്യൻ മിഡ്‌ഫീൽഡർ ആഷിക് കുരുണിയനും ഈ മാസം ആദ്യം അഞ്ച് വർഷത്തെ കരാറിൽ എടികെ മോഹൻ ബഗാനുമായി സൈൻ ചെയ്തു.