“ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറോ ? “

2022 ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് അത്ര മികച്ച വര്ഷമായിരുന്നില്ല. സൂപ്പർ താരത്തിന്റെ നല്ല കാലം കഴിഞ്ഞു എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നു വരുകയും ചെയ്തു. 37 കാരനായ റൊണാൾഡോ വിരമിക്കാറായെന്നും ഇനിയും ഉയർന്ന തലത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കില്ല എന്ന വിമർശനവും താരത്തിന് മേൽ ഉയരുകയും ചെയ്തു. കഴിഞ്ഞആഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ള വിവാദപരമായി മാഞ്ചസ്റ്റർ ഡെർബി നഷ്ടമായതിന് ശേഷം ടോട്ടൻഹാമിനെതിരെ ശക്തമായ ഹാട്രിക്കോടെ റൊണാൾഡോ തിരിച്ചു വന്നിരിക്കുകയാണ്.

സാധാരണയായി മുൻ നിര ഫുട്ബോൾ താരങ്ങളെല്ലാം 37 വയസ്സിന് മുമ്പ് വിരമിക്കുകയോ അല്ലെങ്കിൽ അവരുടെ വിരമിക്കൽ പദ്ധതി ആലോചിക്കുകയോ ചെയ്യുന്നവരാവും.എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തീർച്ചയായും ആ കളിക്കാരിൽ ഉൾപ്പെടുന്നില്ല. പോർച്ചുഗീസ് പ്രതിഭാസം നല്ല വീഞ്ഞ് പോലെ പ്രായമാകുന്തോറും ആഴ്ചതോറും നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യുന്നു.ഈ പ്രായത്തിലും യൂറോപ്പിലെ ഏറ്റവും കടുപ്പമേറിയ ലീഗിലേക്ക് ചുവടുമാറ്റാനുള്ള വെല്ലുവിളി സന്തോഷത്തോടെ ഏറ്റെടുത്ത അദ്ദേഹം പരീക്ഷയിൽ മികച്ച വിജയം നേടുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രത്യേകിച്ച് ശ്രദ്ധേയമായ ഒരു സീസൺ ഉണ്ടാകണമെന്നില്ല, പക്ഷേ റൊണാൾഡോ ഇല്ലായിരുന്നുവെങ്കിൽ, അവരുടെ അവസ്ഥ വളരെ മോശമാകുമായിരുന്നു എന്നുറപ്പാണ്.

റെഡ് ഡെവിൾസിനെ ടോട്ടൻഹാമിനെതിരെ 3-2 വിജയത്തിലേക്ക് നയിച്ചതിന് ശേഷം റൊണാൾഡോയുടെ ഏറ്റവും ഇഷ്ട എതിരകളായ അത്ലറ്റികോ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നേരിടാനൊരുങ്ങുകയാണ്. ടോട്ടൻഹാമിനെതിരെയുള്ള ഹാട്രിക്കോടെ കൂടി 37 വയസ്സും 35 ദിവസവും പ്രായമുള്ളപ്പോൾ പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരനായി അദ്ദേഹം മാറി.37 വർഷവും 146 ദിവസവും ഉള്ളപ്പോൾ ഹാട്രിക്ക് നേടിയ മുൻ യുണൈറ്റഡ് താരം ടെഡി ഷെറിങ്ഹാമിന്റെ പേരിലാണ് റെക്കോർഡ്.

“റൊണാൾഡോ മിടുക്കനായിരുന്നു, അവൻ അവസാന മത്സരം കളിച്ചില്ല, പക്ഷേ അവൻ തിരിച്ചെത്തി മൂന്ന് ഗോളുകൾ നേടി,” പോൾ പോഗ്ബ മത്സരത്തിന് ശേഷം പറഞ്ഞു.”ചരിത്രത്തിലെ ഏറ്റവും മികച്ച ഫോർവേഡ് ടീമിൽ ഉണ്ടായിരിക്കുന്നത് ഒരിക്കലും ഒരു പ്രശ്നമാകില്ല” അദ്ദേഹം കൂട്ടിച്ചർത്തു.”ഇന്ന് അത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു, കുറഞ്ഞത് ഞാൻ വന്നതിന് ശേഷമെങ്കിലും,” കോച്ച് റാംഗ്നിക്ക് പറഞ്ഞു.”ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഈ കാലഘട്ടത്തിലെ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ്. നിങ്ങൾ ഇത്തരത്തിലുള്ള കളിക്കാരനെതിരെ കളിക്കുമ്പോൾ അവർ നിർണായകമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലായിരുന്നെങ്കിൽ, യുണൈറ്റഡിന് ഇത് ഒരു നല്ല രാത്രിയാകുമായിരുന്നില്ല” ടോട്ടൻഹാം പരിശീലകൻ കൊണ്ടേ പറഞ്ഞു.

11 കളികളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയതിന് ശേഷം 2004 ന് ശേഷമുള്ള കലണ്ടർ വർഷത്തിലെ ഏറ്റവും മോശം തുടക്കമായിരുന്നു റൊണാൾഡോയുടെത്. ഈ ഹാട്രിക്കോടെ സീസണിൽ 18 ഗോളുകളിൽ എത്താൻ റോണോക്കായി. പ്രീമിയർ ലീഗിൽ 12 ഗോളുകളാണ് താരം നേടിയത്. സ്പര്സിനെതിരെയുള്ള നേടിയ ഹാട്രിക്കോടെ ക്ലബ്ബിനും രാജ്യത്തിനുമായി 807 ഗോളുകളുമായി ഫിഫയുടെ റെക്കോർഡുകൾ പ്രകാരം പ്രൊഫഷണൽ പുരുഷ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോററായി.ജോസഫ് ബികാൻ നേടിയ 805 ഗോളുകൾ ആണ് റൊണാൾഡോ മറികടന്നത്.തന്റെ കരിയറിൽ സ്പോർട്ടിംഗിനൊപ്പം 5 ഗോളുകളും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 136 ഗോളുകളും റയൽ മാഡ്രിഡിനൊപ്പം 450 ഗോളുകളും യുവന്റസ് ടൂറിനോടൊപ്പം 101 ഗോളുകളും പോർച്ചുഗീസ് ദേശീയ ടീമിനൊപ്പം 115 ഗോളുകളും ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്.

Rate this post