ലയണൽ മെസ്സിയുടെയും മറഡോണയുടെയും അതേ നിലവാരത്തിലാണ് ഡി മരിയയെന്ന് മുൻ അർജന്റീന മാനേജർ |Ángel Di María

2022 ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയുടെ വിജയത്തിലെ ഏറ്റവും തിളക്കമുള്ള താരങ്ങളിൽ ഒരാളായിരുന്നു എയ്ഞ്ചൽ ഡി മരിയ.വിങ്ങർ എയ്ഞ്ചൽ ഡി മരിയ കളത്തിലിലുണ്ടായ 65 മിനിറ്റോളം ഫ്രാൻസിന് മുകളിൽ അപ്രമാദിത്വം സ്ഥാപിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞു. അർജന്റീന നേടിയ രണ്ട് ഗോളുകളിലും താരം സംഭാവന നൽകി.

പരിക്ക് മൂലം ലോകകപ്പിനിടെ ബുദ്ധിമുട്ടിയ ഡി മരിയ കലാശ പോരാട്ടത്തില്‍ തിരിച്ചെത്തി മിന്നും പ്രകടനമാണ് പുറത്തെടുത്തത്.2008ൽ അർജന്റീനക്കായി അരങ്ങേറ്റം കുറിച്ചതിനു ശേഷം ടീമിന്റെ പ്രധാന താരമായി തുടരുന്ന ഏഞ്ചൽ ഡി മരിയ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ അർജന്റീന കിരീടം നേടിയ മൂന്നു മത്സരങ്ങളിലും ഗോളുകൾ നേടിയിട്ടുണ്ട്. കോപ്പ അമേരിക്കയിൽ ബ്രസീലിനെതിരെ വിജയം നേടിയ ഒരേയൊരു ഗോൾ നേടിയ താരം ഫൈനലിസിമയിലും ലോകകപ്പിലും അതാവർത്തിച്ചു. ഈ ലോകകപ്പിൽ ഏഞ്ചൽ ഡി മരിയ നേടിയ ഒരേയൊരു ഗോളും ഫൈനലിലാണ് പിറന്നത്.

ഡി മരിയ ലയണൽ മെസി, മറഡോണ എന്നിവരെപ്പോലെ തന്നെ പരിഗണിക്കപ്പെടേണ്ട താരമാണെന്നാണ് മുൻ താരവും പരിശീലകനുമായ മെനോട്ടി പറയുന്നത്.റേഡിയോ വില്ല ട്രിനിഡാഡ് 97.9-ലെ സൂപ്പർ ഡിപോർട്ടീവോയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഡി മരിയയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വാധീനത്തെക്കുറിച്ച് സീസർ ലൂയിസ് മെനോട്ടി സംസാരിച്ചു.”മികച്ച ഫുട്ബോൾ താരങ്ങളുടെ അതേ അംഗീകാരം അർഹിക്കുന്ന കളിക്കാരനാണ് ഡി മരിയ.കെംപസിന്റെ, മറഡോണയുടെ, മെസ്സിയുടെ അതേ നിലവാരത്തിൽ തന്നെയാണ് അദ്ദേഹവും.എല്ലാ തരത്തിലും അർജന്റീന ഫുട്ബോളിനെ പ്രതിനിധീകരിക്കുന്ന താരമാണ് അദ്ദേഹം. ഫുട്ബോളിനെ സ്നേഹിക്കുന്നവർ ഡി മരിയ എവിടെ കളിച്ചാലും താരത്തെ ഏറ്റവും മികച്ച രീതിയിൽ സഹായിക്കും. താരത്തെ അറിയുന്നവർ ഒരുപാട് സ്നേഹിക്കും.എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു മാതൃകയാണ്”മെനോട്ടി പറഞ്ഞു.

35 കാരനായ ഡി മരിയ അർജന്റീനയുടെ ദേശീയ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച (132) നാലാമത്തെയും ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെയും (29) ആണ്.1978-ൽ അർജന്റീനയെ ആദ്യ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മെനോട്ടി കൂടാതെ ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, റിവർ പ്ലേറ്റ്, ബൊക്ക ജൂനിയേഴ്‌സ് തുടങ്ങി നിരവധി ക്ലബ്ബുകളിൽ പരിശീലകനായിരുന്നു.2019 മുതൽ 2023 വരെ അർജന്റീനയുടെ ദേശീയ ടീമുകളുടെ ഡയറക്ടറായി പ്രവർത്തിച്ചു.

Rate this post