ലൂയിസ് എൻറിക്വക്ക് വേണ്ടിയുള്ള ബ്രസീലിന്റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുൻ ബ്രസീൽ പരിശീലകൻ

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു പിന്നാലെ ടിറ്റെ സ്ഥാനമൊഴിഞ്ഞതിനാൽ പുതിയ പരിശീലകനെ തേടുകയാണ് ബ്രസീൽ. പതിവിൽ നിന്നു വ്യത്യസ്‌തമായി ബ്രസീലിയൻ പരിശീലകർക്ക് പകരം യൂറോപ്പിൽ നിന്നുള്ള കഴിവ് തെളിയിച്ച മാനേജർമാരെയാണ് ബ്രസീൽ നോട്ടമിടുന്നത്. യൂറോപ്പിലെ നിരവധി മാനേജർമാരെ അവർ സമീപിച്ചെങ്കിലും ഇതുവരെയും ആരും ടീമിന്റെ സ്ഥാനമേറ്റെടുക്കാൻ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പിൽ സ്പെയിൻ ടീമിന്റെ മാനേജരായിരുന്ന ലൂയിസ് എൻറിക്കിനെ പരിശീലകനാക്കാൻ ബ്രസീൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ സ്പെയിൻ പുറത്തായതിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ എൻറിക് മറ്റൊരു ടീമിനെ തേടുകയാണ്. അതേസമയം എൻറിക്കിനെ പരിശീലകനാക്കാനുള്ള നീക്കങ്ങൾക്കെതിരെ ബ്രസീലിൽ നിന്നു തന്നെ വിമർശനങ്ങളും ആരംഭിച്ചിട്ടുണ്ട്.

ബ്രസീലിന്റെ വിഖ്യാത പരിശീലകനായ ലൂയിസ് ഫിലിപ്പ് സ്കോളാരിയാണ് എൻറിക്കിനെ ബ്രസീൽ ടീം പരിശീലകനായി നിയമിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാനറിപ്പടയെ പരിശീലിപ്പിക്കാനുള്ള മികവ് എൻറികിനില്ലെന്നാണ് രണ്ടു തവണ ബ്രസീൽ ടീം മാനേജരായി ഒരു ലോകകപ്പ് കിരീടം ടീമിനൊപ്പം നേടിയിട്ടുള്ള സ്‌കൊളാരി പറയുന്നത്.

“എന്താണ് എൻറിക് വിജയിച്ചിട്ടുള്ളത്? മികച്ച പ്രകടനമാണ് നടത്തേണ്ടത്. അദ്ദേഹം വളരെ മികച്ചതായിരുന്നു, എന്നാൽ ഇപ്പോൾ എല്ലാം നഷ്‌ടമായിരിക്കുന്നു. എൻറിക് മികച്ച പരിശീലകനാണെന്ന് പറയുമ്പോൾ നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്.” ബ്രസീലിനു അവസാനമായി ലോകകപ്പ് നേടിക്കൊടുത്ത സ്‌കൊളാരി കഴിഞ്ഞ ദിവസം സ്പോർട്ടിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

സ്പെയിൻ ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ബാഴ്‌സലോണയെ ഒൻപതു കിരീടങ്ങളിലേക്ക് നയിച്ചിട്ടുള്ള മാനേജറാണ് ലൂയിസ് എൻറിക്. എന്നാൽ ലോകകപ്പിൽ അദ്ദേഹം സ്പെയിൻ ടീമിൽ അവലംബിച്ച ശൈലി വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതേസമയം ഈ സീസണു ശേഷം ഡീഗോ സിമിയോണി അത്ലറ്റികോ മാഡ്രിഡ് വിടുകയാണെങ്കിൽ അതിനു പകരം പരിഗണിക്കുന്നതും എൻറിക്കിനെ തന്നെയാണ്.

Rate this post