‘ഞാനെന്റെ കാറിലിരുന്ന് പൊട്ടിക്കരഞ്ഞു, മൂന്നു ദിവസം അതിന്റെ വേദനയിലായിരുന്നു’- ലോകകപ്പ് ഫൈനൽ കണ്ടതിനെക്കുറിച്ച് മുൻ ഫ്രഞ്ച് താരം

അർജന്റീന ആരാധകർക്കും ഫ്രാൻസ് ആരാധകർക്കും ഒരുപോലെ ആവേശം നൽകിയ ഫൈനലായിരുന്നു ഖത്തർ ലോകകപ്പിലേത്. ആദ്യം അർജന്റീന ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് തിരിച്ചു വന്ന ഫ്രാൻസ് ആരാധകർക്ക് വിജയപ്രതീക്ഷ നൽകി. തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ അർജന്റീന എമിലിയാനോ മാർട്ടിനസിന്റെ മികവിൽ വിജയം നേടുകയായിരുന്നു.

വിജയപ്രതീക്ഷ ഉണ്ടായതിനാൽ തന്നെ ഫൈനലിലെ തോൽവി ഫ്രാൻസ് ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്. സമാനമായ അവസ്ഥയാണ് ഫ്രാൻസിന്റെ മുൻ താരമായ പാട്രിസ് എവ്‌റക്കുമുണ്ടായത്. ലോകകപ്പ് ഫൈനലിനു ശേഷം താൻ കാറിലിരുന്നു പൊട്ടിക്കരഞ്ഞുവെന്നും മൂന്നു ദിവസം അതിന്റെ വേദന ഉണ്ടായിരുന്നുവെന്നുമാണ് താരം പറയുന്നത്.

“ഞാൻ മത്സരം തത്സമയം കാണുകയും അതിനു ശേഷം കരയുകയും ചെയ്‌തു. ഒരിക്കലും ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. സത്യം പറയുകയാണെങ്കിൽ ഞാൻ കാറിലേക്ക് പോയി അവിടെയിരുന്ന് കരയുകയായിരുന്നു. മൂന്നു ദിവസം അതിന്റെ വേദന ഉണ്ടായിരുന്നു. ഫ്രാൻസ് ടീമിനെ ഞാൻ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു, പക്ഷെ ഒരുപാട് വേദനയുണ്ടായിരുന്നു.”

“ഫ്രാൻസിന്റെ പ്രകടനത്തിന് അഭിനന്ദനങ്ങൾ നൽകിയേ മതിയാകൂ. എംബാപ്പെ ഹാട്രിക്കാണ് മത്സരത്തിൽ നേടിയത്. മൂന്നു ഗോളുകൾ ഫൈനലിൽ നേടിയിട്ടും വിജയിക്കാൻ താരത്തിന് കഴിഞ്ഞില്ലെന്നത് അവിശ്വസനീയമായ കാര്യമാണ്.” കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ പാട്രിസ് എവ്‌റ പറഞ്ഞു.

അതേസമയം എവ്‌റയെ മെസി ആരാധകർ ഇതിന്റെ പേരിൽ കളിയാക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ എപ്പോഴും പിന്തുണക്കുന്നയാളാണ് എവ്‌റ. അതുകൊണ്ടു തന്നെ ഫ്രാൻസിന്റെ തോൽവിയേക്കാൾ ലയണൽ മെസി കിരീടം നേടിയതാണ് എവ്‌റയെ വേദനിപ്പിച്ചിരിക്കുകയെന്നാണ് ആരാധകർ പറയുന്നത്.

5/5 - (1 vote)