വീണ്ടും ബാഴ്‌സലോണ താരത്തിനു നേരെ ആക്രമണം, ഒബാമയാങ്ങിനെ ആക്രമിച്ചു കൊള്ളയടിച്ചു

ബാഴ്‌സലോണ മുന്നേറ്റനിര താരമായ പിയറി എമറിക്ക് ഒബാമയാങ്ങിനെ ആക്രമിച്ചു കൊള്ളയടിച്ചു. കഴിഞ്ഞ ദിവസം കാസ്റ്റൽഡിഫെൽസിലെ വീട്ടിൽ വെച്ചാണ് ഗാബോൺ താരത്തിനു നേരെ ആക്രമണവും മോഷണവും ഉണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ നാലു പേർ അവിടെ നിന്നും നിരവധി വസ്‌തുക്കൾ മോഷ്‌ടിച്ചുവെന്നും എന്നാൽ താരവും കുടുംബവും തീർത്തും സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒബാമയാങ്ങിന്റെ വീട്ടിലെ ഗാർഡനിലേക്ക് നുഴഞ്ഞു കയറിയ അക്രമികൾ അവിടെ ഒളിച്ചിരുന്നതിനു ശേഷം പിന്നീട് വീടിനുള്ളിലേക്ക് പ്രവേശിക്കുകയാണുണ്ടായത്. ഒബാമയങ്ങിനെയും താരത്തിന്റെ ഭാര്യയേയും ഇവർ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിനു ശേഷം സേഫ് തുറന്ന് നിരവധി ആഭരണങ്ങൾ മോഷ്‌ടിച്ചു കൊണ്ടുപോയെന്നും വാർത്തകൾ സൂചിപ്പിക്കുന്നു. ഒബാമയങ്ങിനെ ഇവർ ആക്രമിച്ചുവെന്നും സൂചനകളുണ്ട്. സംഭവത്തിന് ശേഷം ഒരു ഓഡി എ3 കാറിലാണ് അക്രമികൾ അവിടെ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്.

ഇതാദ്യമായല്ല ഒരു ബാഴ്‌സലോണ താരത്തിനു നേരെ ഇത്തരത്തിൽ ആക്രമണം ഉണ്ടാകുന്നത്. 2018ൽ സമാനമായ രീതിയിൽ ബാഴ്‌സലോണ ലെഫ്റ്റ് ബാക്കായ ജോർദി ആൽബയുടെ വീടും കൊള്ളയടിക്കപ്പെട്ടിരുന്നു. എന്നാൽ ആ സമയത്ത് ആൽബയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനു പുറമെ ബാഴ്‌സലോണയുടെ പുതിയ സൈനിങായ റോബർട്ട് ലെവൻഡോസ്‌കി പരിശീലനത്തിനു പോകുന്ന വഴിയിൽ ഓട്ടോഗ്രാഫ് ഒപ്പിടാൻ നിന്നപ്പോൾ രണ്ടു പേർ താരത്തെ ഭീഷണിപ്പെടുത്തി 75000 യൂറോ വില വരുന്ന വാച്ച് കവർന്നെടുത്തിരുന്നു. ഈ കേസുകളെല്ലാം പോലീസ് അന്വേഷണം നടത്തുകയാണ്.

ആഴ്‌സണൽ താരമായിരുന്ന ഒബാമയാങ് കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിലാണ് ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ സീസണിൽ ക്ലബിന്റെ തിരിച്ചു വരവിനു നിർണായക പങ്ക് താരം വഹിച്ചിരുന്നു. പതിമൂന്നു ഗോളുകളാണ് ജനുവരി മുതൽ സീസൺ അവസാനിക്കുന്നതു വരെ താരം നേടിയത്. എന്നാൽ ലെവൻഡോസ്‌കി എത്തിയതോടെ അവസരങ്ങൾ കുറയുമെന്നുറപ്പുള്ള താരം ക്ലബ് വിടാൻ ഒരുങ്ങുകയാണ്. പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്കാണ് ഒബാമയാങ് ചേക്കേറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.