ഫ്രാൻസ് ദേശീയ ടീമിൽ ചേർന്നു കളിക്കാൻ തനിക്കു പരിശീലകന്റെ വാഗ്ദാനം ലഭിച്ചിരുന്നുവെന്നും അതു തഴഞ്ഞാണ് ബോസ്നിയൻ ദേശീയ ടീമിനു വേണ്ടി കളിക്കാനുള്ള തീരുമാനമെടുത്തതെന്നും വെളിപ്പെടുത്തി ബാഴ്സലോണ മധ്യനിര താരം മിറാലം പ്യാനിച്ച്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസിൽ നിന്നും ബാഴ്സലോണയിലേക്കു ചേക്കേറിയ താരം കനാൽ പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഗോസ്ലാവിയയിൽ ജനിച്ച പ്യാനിച്ച് ബോസ്നിയൻ യുദ്ധത്തെ തുടർന്ന് ലക്സംബർഗിലേക്കു ചേക്കേറിയിരുന്നു. അവിടുത്തെ ദേശീയ യൂത്ത് ടീമിനു വേണ്ടി കളിച്ചിട്ടുള്ള പ്യാനിച്ച് പിന്നീട് ഫ്രഞ്ച് ക്ലബായ ലിയോണിലെത്തിയപ്പോഴാണ് അന്നത്തെ ഫ്രഞ്ച് പരിശീലകനായ റെയ്മണ്ട് ഡൊമനെക് താരത്തെ ഫ്രാൻസ് ടീമിനൊപ്പം ചേരാൻ ക്ഷണിച്ചത്.
“ലിയോണിൽ എത്തിയതിനു ശേഷം ഫ്രാൻസ് ദേശീയ ടീമിനൊപ്പം ചേരാൻ എനിക്ക് അവസരമുണ്ടായിരുന്നു എന്നതു സത്യമാണ്. എന്നാൽ അതിനു മുൻപു തന്നെ ഞാൻ ബോസ്നിയയെ തിരഞ്ഞെടുത്തിരുന്നു. ഡൊമനെക് എന്നെ വിളിച്ചെങ്കിലും ഞാൻ നേരത്തെ തീരുമാനമെടുത്തതിനാൽ അദ്ദേഹത്തിനു നന്ദി പറഞ്ഞ് അത് ഒഴിവാക്കുകയായിരുന്നു.”
“അന്നു ഫ്രാൻസ് ടീമിൽ ഇടം പിടിക്കുക വളരെ പ്രയാസകരമായിരുന്നു. അതിനു പുറമേ തങ്ങളുടെ രാജ്യത്തെ താരം ഫ്രാൻസിനു വേണ്ടി കളിക്കുന്നതു കാണേണ്ടി വരുന്ന ബോസ്നിയൻ ജനതയെ ഓർത്തപ്പോഴും എനിക്കു വേദനയുണ്ടായി.” രാജ്യത്തിനു വേണ്ടി തൊണ്ണൂറ്റിലധികം മത്സരങ്ങൾ കളിച്ച് പതിനാറു ഗോളുകൾ നേടിയ താരം പറഞ്ഞു.