ലയണൽ മെസിയൊരു യഥാർത്ഥ ലീഡറാണ്, താരം ചെലുത്തുന്ന സ്വാധീനത്തെ പ്രശംസിച്ച് അർജന്റീന സഹതാരം

ലയണൽ മെസിയുടെ ചിറകിലേറിയാണ് അർജന്റീന ഖത്തർ ലോകകപ്പിൽ കിരീടമുയർത്തിയത്. ടൂർണമെന്റിൽ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ മെസി ഫൈനലിൽ ഫ്രാൻസിനെതിരെ രണ്ടു തവണയാണ് വല കുലുക്കിയത്. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. ആദ്യമത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീനക്ക് ആത്മവിശ്വാസം പകർന്നത് മെക്‌സിക്കോക്കെതിരെ നടന്ന രണ്ടാം മത്സരത്തിൽ മെസി നേടിയ ഗോളായിരുന്നു.

ലയണൽ മെസി ഒരു മികച്ച നായകനല്ലെന്ന വിമർശനം മുൻപ് പലപ്പോഴും ഉയർന്നിരുന്നതാണ്. എന്നാൽ ഖത്തർ ലോകകപ്പിലെ പ്രകടനത്തോടെ അതിനെയെല്ലാം തിരുത്തിക്കുറിക്കാൻ താരത്തിന് കഴിഞ്ഞു. ലോകകപ്പിൽ ടീമിന്റെ മുഴുവൻ ഊർജ്ജമായി മാറാൻ മെസിക്ക് കഴിഞ്ഞു. മെസിയുടെ നേതൃഗുണമാണ് തങ്ങൾക്ക് ആവേശം നൽകിയതെന്ന് പല താരങ്ങളും വെളിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ദിവസം അർജന്റീന ഗോൾകീപ്പർ ഫ്രാങ്കോ അർമാനിയും ഇതേക്കുറിച്ച് വെളിപ്പെടുത്തി.

“ലോക്കർ റൂമിനുള്ളിലും പുറത്തും ലയണൽ മെസിയൊരു യഥാർത്ഥ ലീഡറാണ്. താരത്തിന്റെ പ്രചോദനം നൽകുന്ന വാക്കുകൾ ഞാൻ ഓർക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവും ലഭിക്കാത്ത അവസരങ്ങളുണ്ടാകുമ്പോൾ അവ ഉപയോഗിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത് പ്രധാനമാണ്. ലയണൽ മെസി എല്ലാം നൽകി. താരത്തിനെ കെട്ടിപ്പിടിക്കാനും ആശംസകൾ നൽകാനും നിങ്ങൾ ആഗ്രഹിക്കും. ആത്മാർത്ഥതയും സൗഹൃദവും അത്രത്തോളമുണ്ട്. വളരെ വിനയവും തുറന്ന മനസുമാണ് മെസിക്കുള്ളത്.” അർമാനി പറഞ്ഞു.

ലോകകപ്പിന് ശേഷം പിഎസ്‌ജിയിൽ തിരിച്ചെത്തിയ മെസി പരിശീലനം ആരംഭിച്ചെങ്കിലും ഇന്ന് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കില്ല. ടീമിനൊപ്പം ചേർന്ന് അധികം ദിവസങ്ങൾ ആകാത്തതു കൊണ്ടാണ് താരത്തെ മത്സരത്തിൽ കളിപ്പിക്കാത്തത്. പിഎസ്‌ജിയുടെ അടുത്ത മത്സരം ആങ്കേഴ്‌സിനെതിരെയാണ്. പാർക് ഡി പ്രിൻസസിൽ വെച്ചു നടക്കുന്ന മത്സരത്തിൽ ലയണൽ മെസി പിഎസ്‌ജിക്കായി ഇറങ്ങും.

Rate this post