പുതിയ പരിശീലകന്റെ കാര്യത്തിൽ അപ്രതീക്ഷിത നീക്കവുമായി ചെൽസി, ആരാധകർക്ക് അതൃപ്‌തി

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഏതാനും ദിവസങ്ങൾക്കകം തുടങ്ങാനിരിക്കെ ചെൽസി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സീസണിൽ രണ്ടു പരിശീലകരെ പുറത്താക്കിയ അവരിപ്പോൾ പുതിയ മികച്ച പരിശീലകരെ തേടുകയാണ്. നിലവിൽ സഹപരിശീലകനായിരുന്ന ബ്രൂണോ സാൾട്ടയറാണ് താൽക്കാലികമായി ടീമിനെ പരിശീലിപ്പിക്കുന്നത്.

യൂറോപ്പിൽ നിരവധി മികച്ച പരിശീലകർ ഒരു ക്ലബിന്റെയും സ്ഥാനമേറ്റെടുക്കാതെ ഉണ്ടെങ്കിലും ചെൽസി പുതിയ കൊച്ചിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. നിരവധി പരിശീലകരുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും എടുത്തു ചാടി ഒരു തീരുമാനം എടുക്കുന്നില്ലെന്നാണ് ചെൽസി നേതൃത്വത്തിന്റെ നിലപാട്. അതിനിടയിൽ പുറത്തു വന്ന റിപ്പോർട്ടുകൾ ആരാധകർക്ക് അതൃപ്‌തിയുണ്ടാക്കുന്നതാണ്.

റിപ്പോർട്ടുകൾ പ്രകാരം ക്ലബിന്റെ മുൻ താരവും പരിശീലകനുമായ ഫ്രാങ്ക് ലാംപാർഡിന് ഈ സീസൺ കഴിയുന്നതു വരെ ടീമിന്റെ പരിശീലകനായി നിയമിക്കാനുള്ള പദ്ധതി ചെൽസിക്കുണ്ട്. ഇതിനു മുൻപ് ചെൽസിയെയും എവർട്ടനെയും പരിശീലിപ്പിച്ചിട്ടുള്ള ലംപാർഡ് മോശം പ്രകടനത്തെ തുടർന്ന് രണ്ടു ടീമിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു.

ചെൽസിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ലംപാർഡ് 2019 മുതൽ 2021 വരെയാണ് ക്ലബിന്റെ പരിശീലകനായി ഇരുന്നിട്ടുള്ളത്. 84 മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ചെങ്കിലും മികച്ച പ്രകടനം നടത്തിക്കാൻ കഴിയാത്തതിനെ തുടർന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. അതിനു ശേഷം എവർട്ടൺ പരിശീലകനായ അദ്ദേഹം ഇക്കഴിഞ്ഞ ജനുവരിയിലാണ് പുറത്തു പോയത്.

ചെൽസിയെ നന്നായി അറിയുന്ന വ്യക്തിയാണെങ്കിലും പരിശീലകൻ എന്ന നിലയിൽ ലാംപാർഡിന്റെ മോശം റെക്കോർഡാണ് ആരാധകർക്ക് അതൃപ്‌തിയുണ്ടാക്കുന്നത്. ഈ സീസണിൽ സ്വന്തമാക്കാൻ സാധ്യതയുള്ള ഒരേയൊരു കിരീടം ചാമ്പ്യൻസ് ലീഗാണെന്നിരിക്കെ അതിനു വേണ്ടി ശ്രമം നടത്താൻ മികച്ച പരിശീലകരെ എത്തിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

അതേസമയം നിരവധി വമ്പൻ താരങ്ങളെ സ്വന്തമാക്കിയ ചെൽസി പുതിയ പരിശീലകന്റെ കാര്യത്തിൽ ചിന്തിച്ചതിനു ശേഷം തീരുമാനം എടുക്കാമെന്ന ധാരണയിലാണെന്നാണ് കരുതേണ്ടത്. നിലവിൽ ലൂയിസ് എൻറിക്, ജൂലിയൻ നാഗേൽസ്‌മാൻ, മൗറീസിയോ പോച്ചട്ടിനോ എന്നിവരാണ് പരിശീലകനായി പ്രധാനമായും പരിഗണിക്കപ്പെടുന്നത്.

Rate this post