റഫറി റയൽ മാഡ്രിഡിനെ സഹായിച്ചു, ഞങ്ങൾക്കായിരുന്നെങ്കിൽ അത് ചുവപ്പ് കാർഡ് തരും-ലമ്പാർഡ്

ഈ സീസണിൽ മോശം ഫോമിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ചെൽസിക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ് കിരീടം. എന്നാൽ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനോട് രണ്ടു പാദങ്ങളിലും തോൽവി വഴങ്ങിയതോടെ ചെൽസിയുടെ എല്ലാ മോഹങ്ങളും പൊലിഞ്ഞു. അടുത്ത സീസണിൽ യൂറോപ്യൻ ടൂർണമെന്റിന് യോഗ്യത നേടാൻ പോലും ചെൽസിക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.

സ്വന്തം മൈതാനത്തു നടന്ന രണ്ടാംപാദ മത്സരത്തിൽ ചെൽസി പൊരുതിയെങ്കിലും റയൽ മാഡ്രിഡിന്റെ പരിചയസമ്പത്ത് അവർ കൃത്യമായി ഉപയോഗപ്പെടുത്തി. ബ്രസീലിയൻ താരം റോഡ്രിഗോയാണ് മത്സരത്തിൽ റയൽ മാഡ്രിഡിന്റെ രണ്ടു ഗോളുകളും നേടിയത്. ഇതോടെ തുടർച്ചയായ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന ലക്ഷ്യത്തിലേക്ക് റയൽ മാഡ്രിഡ് ഒരു ചുവടു കൂടി അടുത്തിട്ടുണ്ട്.

അതേസമയം മത്സരത്തിന്റെ അവസാനത്തെ അര മണിക്കൂർ റയൽ മാഡ്രിഡ് പത്ത് പേരുമായി കളിക്കേണ്ടതായിരുന്നു എന്നാണു ചെൽസി പരിശീലകൻ ലാംപാർഡ് പറയുന്നത്. ചാലോബാവിനെ വീഴ്ത്തിയതിന് റയൽ മാഡ്രിഡ് പ്രതിരോധതാരം എഡർ മിലിറ്റാവോ രണ്ടാമത്തെ മഞ്ഞക്കാർഡും ചുവപ്പുകാർഡും അർഹിച്ചിരുന്നുവെന്ന് ലാംപാർഡ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സൂചിപ്പിച്ചു.

“മിലിറ്റാവോക്ക് രണ്ടാം മഞ്ഞക്കാർഡ് നൽകേണ്ടതായിരുന്നു. ഞാനെന്താണ് ചിന്തിക്കുന്നതെന്ന് പറയാനുദ്ദേശിക്കുന്നില്ലെങ്കിലും ഇതുപോലെയൊരു അവസ്ഥയിൽ മഞ്ഞക്കാർഡ് നൽകുന്നത് ഞങ്ങൾക്ക് ഒരുപാട് നൽകുമായിരുന്നു. അതൊരു സ്വാഭാവിക മഞ്ഞക്കാർഡ് ആണെന്നിരിക്കെ അര മണിക്കൂർ ഞങ്ങൾക്ക് പൂർണമായും ലഭിക്കുമായിരുന്നു. ബെർണാബുവിൽ ഞങ്ങൾക്കത് സംഭവിച്ചു, ഇവിടെ അതുണ്ടായില്ല.” ലാംപാർഡ് പറഞ്ഞു.

ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ അറുപതാം മിനുട്ടിൽ തന്നെ ചെൽസി പത്ത് പേരായി ചുരുങ്ങിയിരുന്നു. ലാസ്റ്റ് മാൻ ഫൗൾ ചെയ്‌തതിന്‌ ചിൽവെല്ലിനാണ് ചുവപ്പുകാർഡ് ലഭിച്ചത്. അതിനു ശേഷമാണ് റയൽ മാഡ്രിഡ് രണ്ടാമത്തെ ഗോൾ നേടിയതും. സമാനമായ ഫൗൾ നടന്നിട്ടും റഫറി റെഡ് കാർഡ് നൽകിയില്ലെന്ന് ആരാധകർ സോഷ്യൽ മീഡിയയിലും ചൂണ്ടിക്കാട്ടുന്നുണ്ട്.