ഈ ഗോളി ലോകകപ്പ് ഫൈനൽ കളിച്ചിരുന്നെങ്കിൽ, ഫ്രാൻസ് ഗോൾകീപ്പറുടെ പ്രകടനത്തിനു പ്രശംസ

മികച്ച ഗോൾകീപ്പറാണെങ്കിലും ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ മികച്ച പ്രകടനം നടത്താൻ ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന് കഴിഞ്ഞില്ലായിരുന്നു. മൂന്നു ഗോളുകൾ വഴങ്ങിയ ടോട്ടനം ഹോസ്‌പർ താരത്തിന് അതിനു ശേഷം നടന്ന, മത്സരത്തിന്റെ വിധിയെഴുതിയ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന താരങ്ങളുടെ ഒരു കിക്ക് പോലും തടുക്കാനും കഴിഞ്ഞില്ല.

അതേസമയം രണ്ടു പെനാൽറ്റി അടക്കം മൂന്നു ഗോളുകൾ വഴങ്ങിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ടീമിനു വേണ്ടി ഹീറോയായി. ഫ്രഞ്ച് താരങ്ങളെ മാനസികമായി തളർത്തിയ എമിലിയാനോ ഒരു കിക്ക് തടയുകയും ഒരു കിക്ക് പുറത്തേക്ക് പോകാൻ കാരണമാവുകയും ചെയ്‌തു.

ലോകകപ്പിന് ശേഷം വിരമിച്ച ഹ്യൂഗോ ലോറീസിന് പകരക്കാരനായി ടീമിന്റെ ഗോൾകീപ്പറായ മൈക്ക് മൈഗ്നൻ ഉണ്ടായിരുന്നെങ്കിൽ ഫ്രാൻസ് ഫൈനൽ വിജയിച്ചേനെയെന്നാണ് ഇപ്പോൾ ആരാധകർ കരുതുന്നത്. ലോകകപ്പിൽ പരിക്ക് കാരണം കളിക്കാതിരുന്ന താരം കഴിഞ്ഞ രണ്ടു യൂറോ യോഗ്യത മത്സരത്തിൽ നടത്തിയ പ്രകടനമാണ് ആരാധകരുടെ അഭിപ്രായത്തിനു കാരണം.

ഹോളണ്ടിനെതിരെ നടന്ന ആദ്യത്തെ മത്സരത്തിൽ ഫ്രാങ്ക് വമ്പൻ വിജയം നേടിയിരുന്നു. അതിന്റെ അവസാന മിനുട്ടിൽ ഡീപേയ്ക്ക് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും മൈഗ്നൻ അത് തടുത്തു. കഴിഞ്ഞ ദിവസം അയർലാൻഡുമായി നടന്ന മത്സരത്തിൽ ഫ്രാൻസ് ഒരു ഗോളിന് വിജയം നേടാൻ കാരണം മൈഗ്നൻ അവസാന മിനുട്ടിൽ നടത്തിയ ഒരു ഗംഭീര സേവാണ്.

ഗംഭീരസേവുകൾ നടത്തുന്നതിന് പുറമെ എതിരാളികളുടെ മനോവീര്യം തകർക്കാനും ഫ്രഞ്ച് കീപ്പർ മിടുക്കനാണ്. നിലവിൽ എസി മിലാൻ കീപ്പറായ താരം കഴിഞ്ഞ സീസണിൽ സീരി എ നേടുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. എന്തായാലും താരത്തിന്റെ കൂടുതൽ മികച്ച പ്രകടനം ഫ്രാൻസ് ടീമിൽ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് വ്യക്തമാണ്.