ബാഴ്സയെയും യുവന്റസിനെയും പിന്തള്ളി ലിയോണിന്റെ ഫ്രഞ്ച് പ്രതിഭക്കായി ആഴ്‌സണൽ

വമ്പന്മാരുടെ ശ്രദ്ധകേന്ദ്രമായ ലിയോണിന്റെ ഫ്രഞ്ച് താരം ഹൗസം ഔവാറിനെ സ്വന്തക്കാനൊരുങ്ങുകയാണ് പ്രീമിയർ ലീഗ്‌ വമ്പന്മാരായ ആഴ്‌സണൽ. യൂറോപ്യൻ വമ്പന്മാരായ ബാഴ്സലോണയെയും യുവന്റസിനെയും മറികടന്നാണ് ആഴ്‌സണൽ യുവപ്രതിഭയായ ഹൗസം ഔവാറിനെ സൈൻ ചെയ്യാനൊരുങ്ങുന്നത്.

ലിയോണിന്നായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരം കഴിഞ്ഞ ചാമ്പ്യൻസ്‌ലീഗിൽ ലിയോണിന്റെ മധ്യനിരയിലെ നെടുംതൂണായിരുന്നു. ഫ്രഞ്ച് താരത്തിനായി ആഴ്‌സണൽ ലിയോണുമായി ചർച്ചകൾ ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. താരത്തിനായി ലിയോൺ 54 മില്യൺ പൗണ്ടാണ് വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ആഴ്‌സണൽ താരത്തിനായി ഓഫർ സമർപ്പിച്ചത്. ചർച്ചകൾ പുരോഗമിക്കുകയാണ്.

ആഴ്സണലിന്‌ താരത്തെ സ്വന്തമാക്കാനായാൽ അർട്ടെറ്റക്ക് മധ്യനിരയിൽ കൂടുതൽ സർഗാത്മകതയുള്ള താരത്തെയാണ് ലഭിക്കാൻ പോവുന്നത്. മെസൂട്ട് ഓസിലിനെ അർട്ടേറ്റയുടെ പദ്ധതികളിൽ നിന്നും ഒഴിവാക്കിയതോടെ ആ സ്ഥാനത്തേക്ക് യോഗ്യനായ ഇരുപത്തിരണ്ടുകാരൻ താരത്തെയാണ് അർട്ടെറ്റയുടെ കീഴിൽ കളിക്കളത്തിൽ കാണാനാവുക.

എന്നാൽ ലിയോൺ പ്രസിഡന്റ് ജീൻ മൈക്കൽ ഓലസുമായുള്ള ചർച്ചകൾ ബുദ്ദിമുട്ടേറിയതാവുന്നത് ആഴ്സണലിന്‌ തലവേദനയാവുന്നത്. ഓലസിന്റെ അഭിപ്രായത്തിൽ ഔവാറിന്റെ നല്ലത് ലിയോണിൽ തന്നെ തുടരുകയാണെന്നാണ്. ആഴ്‌സണൽ ഇപ്പോൾ മറ്റു ക്ലബ്ബുകളെപ്പോലെ തന്നെയാണെന്നും ഔവാറിനെ വാങ്ങാനുള്ള സാമ്പത്തികശേഷിയൊന്നും ആഴ്‌സണലിനില്ലെന്നാണ് അദ്ദേഹത്തിനെ അനുമാനം. എന്നിരുന്നാലും ഒക്ടോബർ 5നു ട്രാൻസ്ഫർ ജാലകം അടയ്ക്കുന്നതിന് മുൻപുതന്നെ താരത്തെ സ്വന്തമാക്കാനാവുമെന്നാണ് ആഴ്‌സണൽ പ്രതീക്ഷിക്കുന്നത്.