പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിനു ശേഷം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാ വിഷയമായി മാറിയ ക്ലബ്ബാണ് സൗദി അറേബ്യൻ ക്ലബ് അൽ നാസർ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടാതെ, അൽ നാസർ ക്ലബിൽ കളിക്കുന്ന മറ്റ് പ്രശസ്ത താരങ്ങളെ അറിയാൻ ആരാധകർ ആകാംക്ഷയോടെ തിരയുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ഒരുപിടി സൂപ്പർ താരങ്ങളും അൽ നാസർ ക്ലബ്ബിന്റെ ഭാഗമാണ്. ബ്രസീൽ, കാമറൂൺ, കൊളംബിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ ടീമിലുണ്ട്.
ലോകകപ്പിൽ ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ട തോൽവിയിൽ അൽ നാസർ താരം വിൻസെന്റ് അബൂബക്കർ കാമറൂണിനായി ഗോൾ നേടി. 30-കാരനായ വിൻസെന്റ് അബൂബക്കർ 2021-ൽ ബെസിക്താസിൽ നിന്ന് അൽ നാസറിൽ ചേർന്നു. അൽ നാസറിന് വേണ്ടി 33 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ വിൻസെന്റ് അബൂബക്കർ നേടിയിട്ടുണ്ട്. വിൻസെന്റ് അബൂബക്കർ അൽ നാസറുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടതോടെ ഈ സീസണിലും അടുത്ത സീസണിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം അദ്ദേഹം ഉണ്ടാകുമെന്ന് ഉറപ്പാണ്.
കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഓസ്പിനയാണ് അൽ നാസറിലെ മറ്റൊരു പ്രമുഖ താരം. ആഴ്സണൽ, നാപോളി തുടങ്ങിയ പ്രമുഖ ക്ലബുകളിൽ കളിച്ചിട്ടുള്ള ഡേവിഡ് ഓസ്പിന 2022ലാണ് സൗദി ക്ലബിലെത്തിയത്.കൊളംബിയ ദേശീയ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറും ക്യാപ്റ്റനുമായ ഡേവിഡ് ഓസ്പിന ഇതുവരെ 4 മത്സരങ്ങൾ അൽ നാസറിന് വേണ്ടി കളിച്ചിട്ടുണ്ട്. 34 കാരനായ ഡേവിഡ് ഓസ്പിന ഒരു ഫ്രീ ട്രാൻസ്ഫറിലാണ് അൽ നാസറിൽ ചേർന്നത്. ഐവറി കോസ്റ്റ് ഡിഫൻഡർ ഗിസ്ലെയ്ൻ കോനനും അൽ നാസർ ക്ലബ്ബിന്റെ ഭാഗമാണ്.
പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളായ എസ്പാൻയോൾ, വില്ലാറിയൽ, മാർസെയിൽ എന്നിവയ്ക്കായി കളിച്ചിട്ടുള്ള സ്പാനിഷ് സെന്റർ ബാക്ക് അൽവാരോ ഗോൺസാലസും അൽ നാസറിന്റെ പ്രധാന കളിക്കാരിലൊരാളാണ്. 32-കാരനായ അൽവാരോ ഗോൺസാലസ് 2022-ൽ അൽ നാസർ ക്ലബ്ബിൽ ചേർന്നു. ബെൻഫിക്കയ്ക്കുവേണ്ടി കളിച്ച ബ്രസീലിയൻ അറ്റാക്കിങ് മിഡ്ഫീൽഡർ ആൻഡേഴ്‌സൺ ടാലിസ്ക 2021 മുതൽ അൽ നാസർ ക്ലബിനായി കളിക്കുന്നു. അൽ നാസറിനായി 36 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ ടാലിസ്‌ക ഇതിനകം നേടിയിട്ടുണ്ട്.ലയണൽ മെസ്സിയുടെ അർജന്റീനയെ ലോകകപ്പിൽ തോൽപ്പിച്ച സൗദിയുടെ ലോകകപ്പ് ടീമിലെ ആറ് താരങ്ങൾ അൽ നാസറിനായി കളിക്കുന്നുണ്ട്.
1955-ൽ ആയിരുന്നു അൽ നാസർ ക്ലബ് നിലവിൽ വന്നത്. രൂപ്പീകരിച്ച ആദ്യ സീസണിൽ തന്നെ സൗദി ലീഗ് കിരീടം അൽ നാസർ നേടിയിരുന്നു. ഇതുവരെ ആകെ ഒമ്പത് ലീഗ് കിരീടങ്ങൾ അൽ നാസറിന് ഉണ്ട്. 15 കിരീടങ്ങൾ നേടിയ അൽ ഹിലാൽ മാത്രമാണ് കിരീടങ്ങളുടെ എണ്ണത്തിൽ അൽ നാസറിനു മുന്നിൽ ഉള്ളത്. എന്നാൽ അവസാന മൂന്ന് സീസണിൽ അൽ നാസറിന് ലീഗ് കിരീടം ഒന്നും നേടാൻ ആയിട്ടില്ല.അൽ നാസർ ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്ത് ആണ്. ഒന്നാമതുള്ള അൽ ഷബാബിനെക്കാൾ രണ്ട് പോയിന്റിന് പിറകിലാണ് അവർ.