അവസാന മിനുട്ട് ഗോളിൽ ഗോകുലം കേരളയെ കീഴടക്കി എഫ്സ് ഗോവ

ഹീറോ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന് ഗോകുലം കേരള എഫ്.സി പുറത്തായി. ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തില്‍ എഫ്.സി ഗോവയോട് തോല്‍വി വഴങ്ങിയതോടെയാണ് ഗോകുലം സെമി കാണാതെ പുറത്തായത്. ഗോവ എതിരില്ലാത്ത ഒരു ഗോളിന് ഗോകുലത്തെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തില്‍ ഗോകുലം എ.ടി.കെ മോഹന്‍ ബഗാനോട് 5 -1 ന് പരാജയപ്പെട്ടിരുന്നു.

90ാം മിനിറ്റിൽൽ ഐക്കർ ഗുരോത്ക്സേനയാണ് ഗോവക്കായി ഗോൾ നേടിയത്. സൂപ്പര്‍ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഗോവയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ ടീം ജംഷഡ്പുർ എഫ്.സിയോട് തോറ്റിരുന്നു. ജയത്തോടെ ഗോവ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി.ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടു. ഭേദപ്പെട്ട പ്രകടനം ഗോവയുടെ ഭാഗത്തുനിന്നാണ് പിറന്നത്.

ഡിഫൻഡർ ഹക്കുവിന്റെ ഒരു പരാജയപ്പെട്ട ക്ലിയറൻസിൽ നിന്നും നോഹ സദൗയിയുടെ ഒരു ഷോട്ട് ഗോൾകീപ്പർ ഷിബിൻ രാജ് രക്ഷപ്പെടുത്തിയെങ്കിലും ഇകർ ഗുരോത്‌ക്‌സേന ഗോളാക്കി മാറ്റി.കഴിഞ്ഞ ദിവസം അന്തരിച്ച ബ്രാൻഡൻ ഫെർണാണ്ടസിന്റെ പിതാവ് ജോക്വിമിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് ഗോവൻ കളിക്കാർ ഗോൾ ആഘോഷിച്ചത്.സൂപ്പർ കപ്പിനുള്ള എഫ്‌സി ഗോവയുടെ ക്യാപ്റ്റനായി ബ്രാൻഡൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു, എന്നാൽ പിതാവിന്റെ വിയോഗത്തെത്തുടർന്ന് അദ്ദേഹത്തിന് നാട്ടിലേക്ക് പോകേണ്ടി വന്നു.

ഏപ്രിൽ 18 ന് ഗ്രൂപ്പ് സിയിലെ നാലാമത്തെ ടീമായ ജംഷഡ്പൂർ എഫ്‌സിയുമായി ഗോകുലം കേരള മത്സരിക്കും. അതേ ദിവസം തന്നെ എടികെഎംബി സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കാൻ എഫ്‌സി ഗോവയെ നേരിടും.

Rate this post