❝വീണ്ടും ഡിപ്പായ് ഗോൾ ; യുവന്റസിനെ തകർത്ത് മെസ്സിയില്ലാത്ത ബാഴ്സലോണ❞

സൂപ്പർ താരം ലയണൽ മെസ്സി ഔദ്യോഗികമായി ബാഴ്സലോണ വിട്ടു എന്ന് പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്സക്ക് തകർപ്പൻ ജയം.ഗാമ്പർ ട്രോഫിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് യുവന്റസിനെയാണ് അവർ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി ഇല്ലാതെ ബാഴ്സലോണ അവരുടെ യാത്ര അങ്ങനെ ആരംഭിക്കുകയാണ്. മത്സരം നടക്കുന്നതിന്റെ മണിക്കൂറുകൾക്കു മുൻപാണ് കണ്ണീരോടെ മെസ്സി ബാഴ്സയുടെ പടിയിറങ്ങിയത്. ആദ്യത്തെ ഹാഫിൽ മെംഫിസും, രണ്ടാം ഹാഫിൽ ബ്രാത്വൈറ്റ്, റിക്കി പുയിജ് എന്നിവരുമാണ് ഗോൾ നേടിയത്.

മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം കാണാനെത്തിയ ആരാധകർക്ക് നിരാശ നൽകുകയും ചെയ്തു.ജോഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ 2,600 ഓളം ആരാധകർ പങ്കെടുത്ത മത്സരത്തിന് മുമ്പ് “മെസ്സി, മെസ്സി” എന്ന് വിളിക്കുന്നുണ്ടായിരുന്നു.റൊണാൾഡോ പന്ത് തൊടുമ്പോഴെല്ലാം ആരാധകർ മെസ്സിയുടെ പേര് വിളിച്ചുപറഞ്ഞു. റൊണാൾഡ് കോമൻ 4-3-3 ഫോർമേഷനിൽ മെംഫിസ്, ബ്രൈത്‌വെയ്റ്റ്, അന്റോയിൻ ഗ്രീസ്മാൻ എന്നിവരെ മുൻനിരയിൽ അണിനിരത്തിയാണ് ഇറങ്ങിയത്.ബാഴ്സക്കായി യുവ താരം യൂസഫ് ഡെമിർ മികച്ച പ്രകടനം പുറത്തെടുത്തു.ഓഗസ്റ്റ് 15 ന് റിയൽ സൊസിഡാഡിനെതിരെയാണ് ബാഴ്സയുടെ ആദ്യ ലാ ലീഗ്‌ മത്സരം.

മറ്റൊരു മത്സരത്തിൽ എ സി മിലാനും റയൽ മാഡ്രിഡും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും മത്സരത്തിൽ ഗോൾ ഒന്നും നേടിയില്ല. റയൽ മാഡ്രിഡ് പുതിയ സൈനിംഗ് അലാബ ആദ്യമായി റയലിനായി കളത്തിൽ ഇറങ്ങിയ മത്സരമായിരുന്നു ഇത്. ഗരെത് ബെയ്ലും ഇന്ന് റയൽ നിരയിൽ ഉണ്ടായിരുന്നു.മോഡ്രിച്, കസമേറോ, വാസ്കസ്, കോർതോ, ഇസ്കോ, മാർസെലോ തുടങ്ങിയ പ്രമുഖർ ഒക്കെ ഇന്ന് റയൽ മാഡ്രിഡിനായി കളത്തിൽ ഇറങ്ങി. പരിക്കായി പുറത്തിരിക്കുന്ന ക്രൂസ്, ഹസാർഡ് എന്നിവർ ഇന്ന് സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. മിലാൻ നിരയിൽ പല പ്രമുഖരും ഉണ്ടായിരുന്നില്ല.

പ്രീസീസണിലെ ആവേശകരമായ മത്സരത്തിൽ ആഴ്സണലിനെ വൈരികളായ സ്പർസ് പരാജയപ്പെടുത്തി. നോർത്ത് ലണ്ടണിലെ രണ്ടു ക്ലബുകളും ഏറ്റുമുട്ടിയ മത്സരം എതിരില്ലാത്ത ഒരു ഗോളിനാണ് സ്പർസ് സ്വന്തമാക്കിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 79ആം മിനുട്ടിലായിരുന്നു സ്പർസിന്റെ വിജയ ഗോൾ പിറന്നത്. കൊറിയൻ താരം ഹ്യുങ് മിൻ സോണാണ് വിജയ ഗോൾ നേടിയത്. സ്പർസിന്റെ താരം ഹാരി കെയ്ൻ ഇന്നും കളത്തിൽ ഇറങ്ങിയില്ല.

ലിവർപൂളിന് പ്രീസീസൺ മത്സരത്തിൽ സമനില. അത്ലറ്റിക് ക്ലബിനെ നേരിട്ട ലിവർപൂൾ 1-1ന്റെ സമനില ആണ് വഴങ്ങിയത്. ആൻഫീൽഡിൽ നീണ്ട കാലത്തിനു ശേഷം ആരാധകർ മടങ്ങിയെത്തിയ മത്സരത്തിൽ തുടക്കത്തിൽ തന്നെ ലിവർപൂൾ ലീഡ് എടുത്തും ജോടയിലൂടെ ആയിരുന്നു ലിവർപൂൾ ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ബെരെംഗുവർ അത്ലറ്റിക് ബിൽബാവോയ്ക്ക് സമനില നൽകി.

Rate this post