സഹതാരങ്ങളോട് വിടപറയാൻ ബെയ്ൽ എത്തി, നാളെ ലണ്ടനിലേക്ക് പറക്കും.
റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയ്ൽ ക്ലബ് വിടുമെന്നുറപ്പായി. താരം ക്ലബ് വിടുന്ന കാര്യം പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊ അടക്കമുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്. താരത്തിന്റെ മുൻ ക്ലബായ ടോട്ടൻഹാമിലേക്കാണ് താരം ചേക്കേറുന്നത്. നാളെ താരം ലണ്ടനിലേക്ക് പറക്കുമെന്നാണ് ഒടുവിലെ വിവരം.
ഇന്ന് രാവിലെ തന്റെ സഹതാരങ്ങളോട് വിടപറയാൻ ബെയ്ൽ റയൽ മാഡ്രിഡിന്റെ പരിശീലനമൈതാനത്ത് എത്തിയിരുന്നു. മുപ്പത്തിയൊന്നുകാരനായ താരം പ്രാദേശികസമയം 10:15 നാണ് റയൽ മാഡ്രിഡിന്റെ പരിശീലനമൈതാനമായ വാൽഡെബെബാസിൽ എത്തിയത്. തുടർന്ന് തന്റെ സഹതാരങ്ങളെ കാണുകയും റയൽ മാഡ്രിഡ് വിടുന്ന കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് റയലിന്റെ പരിശീലനവേളയിൽ നിന്നും നേരത്തെ പോയതിന് ബെയ്ൽ വിമർശനങ്ങൾക്കിരയായിരുന്നു.
Gareth Bale arrives at Real Madrid training ground to say goodbyes https://t.co/ll7gPd6JS9
— The Sun Football ⚽ (@TheSunFootball) September 17, 2020
താരത്തെ ക്ലബ്ബിൽ എത്തിച്ച കാര്യം നാളെ ടോട്ടൻഹാം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ക്ലബ് വിടാൻ താരത്തിന് റയൽ മാഡ്രിഡ് അനുമതി നൽകിയിരുന്നു. അതേ സമയം അദ്ദേഹം ഇന്നലെ റയലിൽ നിന്നും മെഡിക്കൽ പൂർത്തിയാക്കിയതായും വാർത്തകൾ ഉണ്ടായിരുന്നു. ഏതായാലും നാളെ ഡീൽ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു വർഷത്തെ ലോണിൽ ആയിരിക്കും ബെയ്ൽ ടോട്ടൻഹാമിൽ എത്തുക.
താരത്തെ സൈൻ ചെയ്യാൻ മൗറിഞ്ഞോ അനുമതി നൽകിയിരുന്നു. മാത്രമല്ല താരത്തിന്റെ സാലറിയുടെ പകുതി റയൽ മാഡ്രിഡ് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. 2013-ലായിരുന്നു റയൽ മാഡ്രിഡ് ഭീമൻ തുക നൽകി ബെയ്ലിനെ സ്വന്തമാക്കിയിരുന്നത്. തുടക്കത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച താരം പിന്നീട് പരിക്കിന്റെ പിടിയിലായി കൊണ്ട് ഫോം നഷ്ടമാവുകയായിരുന്നു.