മെസിക്ക് ശേഷം അർജന്റീനയിൽ ഗർനാച്ചോ ബാലൺ ഡി ഓർ എത്തിക്കുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

കഴിഞ്ഞ സീസണിൽ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രിയപ്പെട്ട താരമായി വളരെ വേഗത്തിലാണ് ഗർനാച്ചോ വളർന്നത്. ഈ സീസണിന്റെ തുടക്കത്തിൽ പരിശീലകനുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് അവസരങ്ങൾ ഇല്ലാതായെങ്കിലും ഇപ്പോൾ ടീമിൽ സ്ഥിരമായി കളിക്കാൻ അർജന്റീന താരത്തിന് കഴിയുന്നുണ്ട്.

കഴിഞ്ഞ എഫ്എ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിലേക്ക് നയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. വെസ്റ്റ് ഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും ഓരോ ഗോളുകൾ നേടി നിൽക്കെ ഇഞ്ചുറി ടൈമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ ഗർനാച്ചോയാണ് നേടിയത്. മത്സരത്തിന് ശേഷം താരത്തെ പ്രശംസിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പാർക്കർ രംഗത്തെത്തുകയും ചെയ്‌തു.

“സബായി ഇറങ്ങുമ്പോഴാണ് ഗർനാച്ചോ മികച്ച പ്രകടനം നടത്തുന്നത്. തൊണ്ണൂറു മിനുട്ടും കളിക്കാനുള്ള കരുത്ത് കുറവാണെങ്കിലും പ്രതിഭയുണ്ട്. ബാലൺ ഡി ഓർ നേടാനുള്ള കഴിവ് താരത്തിനുണ്ടെന്നാണ് അഭിപ്രായമെങ്കിലും കൂടുതൽ സമ്മർദ്ദം ഞാൻ നൽകുന്നില്ല. ഇനിയും ഒരുപാട് പഠിക്കാനുള്ള താരത്തിന് മികച്ച പ്രതിഭയുണ്ട്.”

താരം മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കാൻ തയ്യാറാണെന്നതിൽ വളരെ സന്തോഷമുണ്ടെന്നു പറഞ്ഞ പാർക്കർ യുവന്റസിലോ റയൽ മാഡ്രിഡിലോ ഗർനാച്ചോ കളിക്കുന്നത് ബുദ്ധിപരമല്ലെന്നും പുതിയ കരാർ ഒപ്പിടുന്നതോടെ താരത്തിന്റെ വളർച്ചക്ക് എറിക് ടെൻ ഹാഗ് കൂടുതൽ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. അച്ചടക്കം കുറച്ച് കുറവായ താരം മൈതാനത്തും പുറത്തുമുള്ള സ്വഭാവം നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തെ ഗർനാച്ചോ ദേശീയടീം മാറി സ്പൈനിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതുണ്ടാവില്ലെന്ന് കറബാവോ കപ്പ് വിജയത്തോടെ തെളിഞ്ഞു. 2017നു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ ആദ്യ കിരീടവിജയത്തിനു ശേഷം അർജന്റീന പതാക പുതച്ചാണ് താരം ആഘോഷങ്ങളിൽ പങ്കു ചേർന്നത്.

Rate this post
Lionel Messi