‘റൊണാൾഡോയുടെ രണ്ടാം വരവിനേക്കാൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗുണമായത് ഈ താരത്തിന്റെ വരവ്’

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടാം വരവ് അത്ര സുഖകരമായ ഒന്നായിരുന്നില്ല. ആദ്യത്തെ സീസണിൽ മികച്ച പ്രകടനം നടത്തിയെങ്കിലും കിരീടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന താരം ഈ സീസണിൽ പകരക്കാരുടെ സ്ഥാനത്തേക്ക് മാറ്റപ്പെട്ടു. ഇതേത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ വിമർശനം നടത്തി താരം ക്ലബ് വിടുകയും ചെയ്‌തു.

റൊണാൾഡോ പോയ ഒഴിവിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ സ്വന്തമാക്കിയ താരമാണ് വൂട്ട് വേഗോസ്റ്റ്. രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും മാത്രമേ അതിനു ശേഷമുള്ള മത്സരങ്ങളിൽ താരം സ്വന്തമാക്കിയിട്ടുള്ളൂ. എന്നാൽ റൊണാൾഡോയുടെ രണ്ടാം വരവിനേക്കാൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേഗോസ്റ്റ് ട്രാൻസ്‌ഫർ കൊണ്ടു ഗുണം ചെയ്‌തുവെന്നാണ് ക്ലബിന്റെ മുൻ താരം ഗാരി നെവിൽ പറയുന്നത്.

വേഗോസ്റ്റും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആദ്യ ഇലവനിൽ ഇറങ്ങിയ പത്തൊമ്പത് മത്സരങ്ങളുടെ കണക്കുകൾ ഇതിനായി നെവിൽ വിശകലനം ചെയ്‌തു. വേഗോസ്റ്റ് ഇറങ്ങിയ പന്ത്രണ്ടു മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയപ്പോൾ മൂന്നു മത്സരങ്ങളിൽ മാത്രമാണ് തോൽവി ഉണ്ടായത്. നാല് മത്സരങ്ങളിൽ ടീം സമനിലയും വഴങ്ങി.

അതേസമയം റൊണാൾഡോ സ്റ്റാർട്ട് ചെയ്‌ത പത്തൊമ്പതു മത്സരങ്ങളിൽ ഒമ്പതെണ്ണത്തിൽ മാത്രമാണ് ടീം വിജയം നേടിയത്, ഏഴെണ്ണത്തിൽ തോൽക്കുകയും ചെയ്‌തു. വെഗോസ്റ്റ് രണ്ടു ഗോളുകൾ മാത്രമേ നേടിയുള്ളൂവെങ്കിലും ടീം മുപ്പത്തിയാറു ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ റൊണാൾഡോ പതിനൊന്നു ഗോളുകൾ നേടിയപ്പോൾ ടീം ഇരുപത്തിമൂന്നു ഗോളുകൾ മാത്രമാണ് നേടിയതെന്ന് നെവിൽ പറഞ്ഞു.

റൊണാൾഡോ ചരിത്രത്തിലെ തന്നെ മികച്ച താരമാണെന്ന കാര്യത്തിൽ നെവിലിനു സംശയമൊന്നുമില്ല. റൊണാൾഡോയുടെ ബൂട്ടുകൾക്ക് പകരം വെക്കാൻ വേഗോസ്റ്റിനു കഴിയുമെന്നും അദ്ദേഹം കരുതുന്നില്ല. എന്നാൽ നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഡച്ച് താരത്തിന് കൂടുതൽ സഹായവും ഗുണവും നൽകാൻ കഴിയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

1/5 - (1 vote)
Cristiano RonaldoManchester Unitedweghorst