റയൽ മാഡ്രിഡിന്റെ തോൽവിക്കു പിന്നാലെ ഗാവിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, ഏറ്റെടുത്ത് ആരാധകർ
റയൽ മാഡ്രിഡിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന തോൽവിയാണു കഴിഞ്ഞ ദിവസം ഏറ്റു വാങ്ങിയത്. ലീഗ് കിരീടപ്പോരാട്ടത്തിൽ വളരെ പിന്നിലായിപ്പോയ ടീമിന് എന്തെങ്കിലും സാധ്യത ഉണ്ടാകണമെങ്കിൽ വിജയം കൂടിയേ തീരൂ എന്ന നിലയിൽ നിൽക്കുമ്പോഴാണ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് ടീം കാറ്റലൻ ക്ലബായ ജിറോണയോട് തോൽവി വഴങ്ങുന്നത്.
അർജന്റീന താരമായ വാലന്റൻ കാസ്റ്റയാനോസിന്റെ പ്രകടനമാണ് കഴിഞ്ഞ ദിവസത്തെ പ്രത്യേകത. റയൽ മാഡ്രിഡിനെതിരെ പിറന്ന നാല് ഗോളുകളും ന്യൂയോർക്ക് സിറ്റിയിൽ നിന്നും ലോണിൽ ജിറോണക്കായി കളിക്കുന്ന താരമാണ് നേടിയത്. സ്‌പാനിഷ് ലീഗിൽ 1947നു ശേഷം ആദ്യമായാണ് ഒരു താരം റയൽ മാഡ്രിഡിനെതിരെ നാല് ഗോളുകൾ നേടുന്നത് എന്നതിനാൽ തന്നെ അത് ആഘോഷിക്കപ്പെടുകയും ചെയ്‌തു.
അതേസമയം റയൽ മാഡ്രിഡിന്റെ തോൽവിക്ക് പിന്നാലെ ബാഴ്‌സലോണ താരമായ ഗാവി തന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ബാഴ്‌സലോണയുടെ അടുത്ത മത്സരത്തിനായി ഫ്‌ളൈറ്റ് കേറാൻ പോകുന്നതിന്റെ ചിത്രമാണ് ഗാവി സ്റ്റോറിയായി ഇട്ടിരിക്കുന്നത്. എല്ലാ ബാഴ്‌സലോണ താരങ്ങളും മതിമറന്നു ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിനൊപ്പം ചിരിക്കുന്നതിന്റെ രണ്ടു സ്മൈലികളും താരം ഉൾപ്പെടുത്തിയിട്ടുണ്ട്. റയൽ മാഡ്രിഡ് തോൽവി വഴങ്ങിയതിനു പിന്നാലെയാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്‌തതെന്നതാണ് ആരാധകർ അതിനെ ഏറ്റെടുക്കാൻ കാരണം. ഈ ചിത്രത്തിലൂടെ താരം റയൽ മാഡ്രിഡിന്റെ തോൽവിയെ ആഘോഷിക്കുകയാണ് ചെയ്യുന്നതെന്നാണ് ആരാധകർ പറയുന്നത്.
Gavi posted this just minutes after Real Madrid fell to defeat against Girona. Coincidence? #ViscaBarca pic.twitter.com/pyUeMcgTb6
— Football España (@footballespana_) April 26, 2023
അതേസമയം ഇന്ന് റയോ വയ്യക്കാനൊക്കെതിരെ നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ ലീഗിലെ പോയിന്റ് വ്യത്യാസം പതിനാലായി വർധിപ്പിക്കാൻ ബാഴ്‌സലോണക്ക് കഴിയും. ലീഗ് കൈവിട്ടു പോയെങ്കിലും രണ്ടു കിരീടം നേടാമെന്ന പ്രതീക്ഷ റയൽ മാഡ്രിഡിനുണ്ട്. കോപ്പ ഡെൽ റേ ഫൈനലിൽ എത്തിയ ടീം ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് കളിക്കുക.