‘ആരാധകരുടെ ആശങ്കകൾക്ക് പരിഹാരം’ : കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി ടെൻഡർ ക്ഷണിച്ച് ജിസിഡിഎ |Kerala Blasters
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥയിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾക്ക് മറുപടിയായി ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) അടിയന്തര അറ്റകുറ്റപ്പണികൾക്കായി ടെൻഡർ ക്ഷണിച്ചു.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി പ്രവർത്തിക്കുന്ന സ്റ്റേഡിയതിനെക്കുറിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നിരുന്നത്.
സ്റ്റേഡിയത്തിൽ കളി കാണാൻ എത്തുന്ന ആരാധകർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും അധികൃതകർ തയ്യാറായിരുന്നില്ല.മൂന്നു മണിക്കൂറോളം സ്റ്റേഡിയത്തിനകത്തുണ്ടായിട്ടും കുടിവെള്ളമോ ഭക്ഷണമോ ലഭ്യമല്ലെന്ന പരാതികളാണുള്ളത്. കൂടാതെ വൃത്തഹീനമായ ബാത്റൂമുകളുടെ അവസ്ഥയും പരിതാപകരമാണ്.ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലയേറിയ ടിക്കറ്റ് നിരക്ക് നൽകി കളി കാണാൻ എത്തുന്ന ആരാധകർക്ക് മതിയായ സൗകര്യങ്ങൾ ലഭിക്കുന്നില്ല. കൂടാതെ സ്റ്റേഡിയത്തിന്റെ അവസ്ഥയും വളരെ മോശമാണ്.
ഏറെ ആവേശത്തോടെയുള്ള ആരാധകരുടെ ആഘോഷങ്ങൾക്കൊപ്പമുള്ള സ്റ്റേഡിയത്തിന്റെ കുലുക്കം കാരണം ഒരു കോൺക്രീറ്റ് കഷ്ണം കഴിഞ്ഞ മത്സരത്തിനിടെ ആരാധകന് നേരെ വീഴുകയും പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.ഈ സംഭവം കാണികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.40,000-ത്തിലധികം ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയം അടിസ്ഥാന സൗകര്യങ്ങളുടെ ഭയാനകമായ അവസ്ഥ കാരണം ചർച്ച വിഷയമായി മാറിയിരിക്കുകയാണ്.തുരുമ്പിച്ച മേൽക്കൂരയും മറ്റ് കേടുപാടുകളും സംബന്ധിച്ച പരാതികളും റിപ്പോർട്ടുകളും ഉണ്ടായിരുന്നിട്ടും മുംബൈ സിറ്റിക്കെതിരായ മത്സരത്തിനിടെ സംഭവം വരെ കാര്യമായ നടപടികളൊന്നും എടുത്തിരുന്നില്ല.
🚨 | In response to growing concerns over the deteriorating condition of the 40K capacity JLN Stadium in Kochi – the Greater Cochin Development Authority (GCDA) has announced the invitation of tenders for urgent repair works. [@bridge_football] #IndianFootball pic.twitter.com/WM0TU8LK03
— 90ndstoppage (@90ndstoppage) December 28, 2023
1996-ൽ പണികഴിപ്പിച്ച കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്ഥിരമായി കായികക്ഷമതാ പരിശോധനകൾക്ക് വിധേയമായെങ്കിലും തുരുമ്പെടുത്ത മേൽക്കൂരയും മറ്റ് ഘടനാപരമായ പ്രശ്‌നങ്ങളും പരിഹരിക്കുന്നതുൾപ്പെടെയുള്ള നിർണായക അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല.സ്റ്റേഡിയത്തിന്റെ ചുമതലയുള്ള ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ഇപ്പോൾ മേൽക്കൂര, ഘടനാപരമായ കേടുപാടുകൾ, ഗട്ടറുകൾ, വാട്ടർ പൈപ്പുകൾ എന്നിവയുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി ടെൻഡർ വിളിച്ചിരിക്കുകയാണ്.നേരത്തെ മുതൽ തന്നെ സ്റ്റേഡിയത്തിന്റെ സുരക്ഷയെ കുറിച്ചു ആശങ്കകൾ ഉയർന്നുകേൾക്കുന്നുണ്ട്. ഇന്ത്യയിൽ വെച്ച് നടന്ന അണ്ടർ 17 ലോകക്കപ്പിന് ശേഷം കൊച്ചി സ്റ്റേഡിയം വേണ്ട രീതിയിൽ പരിപാലിക്കുന്നില്ലെന്നും പരാതികൾ ഏറെയാണ്.