പിന്നിൽ നിന്നും തിരിച്ചുവന്ന് തകർപ്പൻ ജയം സ്വന്തമാക്കി ജർമനിയും ഫ്രാൻസും : ഇംഗ്ലണ്ടിന് സമനില

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ 85-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രഗ് ഹെഡറിലൂടെ നേടിയ ഗോളിലൂടെ യൂറോ 2024 ആതിഥേയരായ ജർമ്മനി നെതർലാൻഡിനെ പരാജയപെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ജർമ്മനി നേടിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജർമ്മനി രണ്ടു ഗോളുകൾ നേടി വിജയം നേടിയെടുത്തത്.ഫ്രാൻസിനെതിരായ 2-0 ന് ശനിയാഴ്ചത്തെ വിജയത്തിന് ശേഷം ജർമ്മനിക്ക് ആത്മവിശ്വാസം ഉയർത്തുന്ന വിജയമാണ് ഇന്നലെ നേടിയത്.

സെപ്റ്റംബറിൽ പരിശീലകനായി ചുമതലയേറ്റ ജൂലിയൻ നാഗെൽസ്മാൻ തൻ്റെ ആറ് അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായി വിജയങ്ങൾ നേടുന്നത് ഇതാദ്യമാണ്.ഡിഫൻഡർ മാക്സിമിലിയൻ മിറ്റൽസ്റ്റെഡിൻ്റെ പിഴവിനെത്തുടർന്ന് ജോയി വീർമാൻ മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ഡച്ച് ടീമിനെ മുന്നിലെത്തിച്ചു .ആദ്യ അരമണിക്കൂറിനുള്ളിൽ 70 ശതമാനത്തിലധികം പൊസഷൻ നേടിയ ജർമ്മനി 11 ആം മിനുട്ടിൽ മാക്സിമിലിയൻ മിറ്റൽസ്റ്റെഡിൻ്റെ ഗോളിലൂടെ സമനില പിടിച്ചു.ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി മികച്ച ഫോമിലുള്ള ജമാൽ മുസിയാല വിജയ ഗോൾ നേടുന്നതിന് അടുത്തെത്തുകയും ചെയ്തു.85-ാം മിനുട്ടിൽ 15-ആം അന്താരാഷ്ട്ര മത്സരത്തിൽ നിന്നുമുള്ള 11 ആം ഗോൾ നേടി ഫുൾക്രഗ് ജർമനിയെ വിജയത്തിലെത്തിച്ചു.ജൂൺ 3 ന് ന്യൂറംബർഗിൽ ജർമ്മനീ അടുത്തതായി ഉക്രെയ്നുമായി കളിക്കും.

ഇന്നലെ സ്‌റ്റേഡ് വെലോഡ്‌റോമിൽ നടന്ന സൗഹൃദ മത്സരത്തിൽ യൂസഫ് ഫൊഫാന, റാൻഡൽ കോലോ മുവാനി, ഒലിവർ ജിറൂഡ് എന്നിവരുടെ ഗോളുകളിൽ ചിലിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഫ്രാൻസ് പരാജയപ്പെടുത്തി. മത്സരത്തിന്റെ ആറാം മിനുട്ടിൽ മാർസെലിനോ ന്യൂനസിൻ്റെ ഗോളിലൂടെ ചിലി ലീഡ് നേടി.എന്നാൽ 18-ാം മിനിറ്റിൽ ഫൊഫാന നേടിയ ഗോൾ ഫ്രാൻസിന് സമനില നേടിക്കൊടുത്തു.

26-ാം മിനിറ്റിൽ തിയോ ഹെർണാണ്ടസിൻ്റെ പിൻപോയിൻ്റ് ക്രോസിൽ നിന്ന് ക്ലോസ് റേഞ്ച് ഹെഡറിലൂടെ കോലോ മുവാനി ഫ്രാൻസിനെ മുന്നിലെത്തിച്ചു.72-ാം മിനിറ്റിൽ ജിറൂഡ് വിജയം ഉറപ്പിച്ചു, ഫ്രാൻസിൻ്റെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന തൻ്റെ നേട്ടം 57 ആയി ഉയർത്തി. 82 ആം മിനുട്ടിൽ ഡാരിയോ ഒസോറിയോയുടെ ലോംഗ് റേഞ്ച് സ്ട്രൈക്കിലൂടെ ചിലി ഒരു ഗോൾ കൂടി തിരിച്ചടിച്ചു. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി കഠിനമായി ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം മറികടക്കാൻ ചിലിക്ക് കഴിഞ്ഞില്ല.

മറ്റൊരു മത്സരത്തിൽ ജൂഡ് ബെല്ലിംഗ്ഹാം ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ഇംഗ്ലണ്ട് ബെൽജിയത്തെ സമനിലയിൽ തളച്ചു.വെംബ്ലിയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടിയത്. ഇംഗ്ലണ്ട് കീപ്പർ ജോർദാൻ പിക്ക്ഫോർഡിൻ്റെ മിസ്-ഹിറ്റ് ക്ലിയറൻസിനു ശേഷം 11-ാം മിനിറ്റിൽ ടൈൽമാൻസ് ബെൽജിയത്തെ മുന്നിലെത്തിച്ചു.തൻ്റെ ആദ്യ അന്താരാഷ്ട്ര തുടക്കത്തിന് തൊട്ടുപിന്നാലെ പെനാൽറ്റിയിലൂടെ ഇവാൻ ടോണിയിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു.

ജാൻ വെർട്ടോംഗൻ ടോണിയെ വീഴ്ത്തിയതിന് പെനാൽറ്റിയിൽ നിന്നാണ് ഇംഗ്ലണ്ട് സമനില നേടിയത്. 36 ആം മിനുട്ടിൽ ടൈൽമാൻ നേടിയ ഗോളിലൂടെ ബെൽജിയം മുന്നിലെത്തി.ടോണി, ബെല്ലിംഗ്ഹാം, ഫോഡൻ എന്നിവരോടൊപ്പം ഇംഗ്ലണ്ട് രണ്ടാം പകുതിയിൽ അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോൾ മാത്രം നേടാനായില്ല.ഇഞ്ചുറി ടൈമിൽ ബെല്ലിംഗ്ഹാം നേടിയ ഗോൾ ഇംഗ്ലണ്ടിന് സമനില നേടിക്കൊടുത്തു.

Rate this post