അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ജർമനി സ്പെയിനിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്.നിക്ലാസ് ഫുൾക്രഗാണ് ജർമ്മനിക്ക് വേണ്ടി ഗോൾ നേടിയത്, അൽവാരോ മൊറാട്ടയാണ് സ്പെയിനിനായി ഗോൾ നേടിയത്. മത്സരത്തിൽ സമനില നേടിയതോടെ 16-ാം റൗണ്ട് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് ജർമ്മനി.
ഗ്രൂപ്പ് ഇയിൽ രണ്ട് കളികളിൽ നിന്ന് നാല് പോയിന്റുമായി സ്‌പെയിൻ ഒന്നാം സ്ഥാനത്തും രണ്ട് കളികളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ജർമ്മനി ഗ്രൂപ്പിൽ അവസാന സ്ഥാനത്തുമാണ്.മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമണ ശൈലിയാണ് പിന്തുടർന്നത്. കളിയുടെ ആദ്യ 10 മിനിറ്റിൽ സ്പാനിഷ് ടീമിൽ നിന്ന് ചില ആക്രമണങ്ങൾ കണ്ടെങ്കിലും അവയൊന്നും ഫലം കണ്ടില്ല. എന്നാൽ, മത്സരത്തിന്റെ ആദ്യ 30 മിനിറ്റുകളിൽ കാര്യമായ മുന്നേറ്റങ്ങളോ ഗോൾ ശ്രമങ്ങളോ ജർമൻ നിരയിൽ നിന്ന് കണ്ടില്ല. 40-ാം മിനിറ്റിൽ കിമ്മിച്ചിന്റെ ഫ്രീകിക്കിലൂടെ ഫെഡറർ ജർമ്മനിക്ക് ലീഡ് നൽകി, എന്നാൽ VAR പരിശോധനയ്ക്ക് ശേഷം റഫറി ഗോൾ അനുവദിച്ചില്ല.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ജർമ്മനി കൂടുതൽ ആക്രമണം തുടങ്ങി. എന്നാൽ, മത്സരത്തിന്റെ 62-ാം മിനിറ്റിൽ അൽവാരോ മൊറാട്ട സ്‌പെയിനിനായി ഗോൾ നേടി. ജോർഡി ആൽബയുടെ ക്രോസിൽ നിന്ന് ആദ്യ ഫിനിഷിലൂടെ മൊറാട്ട പന്ത് വലയിലെത്തിച്ചു. മത്സരത്തിൽ തുടക്കത്തിലേ ലീഡ് നേടിയ ജർമ്മനി സമ്മർദ്ദത്തിലാകുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ പിന്നീട് ജർമ്മനി സ്പെയിൻ ഗോൾ മുഖം ലക്ഷ്യമാക്കി ആക്രമണം തുടർന്നു.ഒടുവിൽ 83-ാം മിനിറ്റിൽ ജർമനിയുടെ നിരന്തര ശ്രമങ്ങൾ ഫലം കണ്ടു. പകരക്കാരനായ സ്‌ട്രൈക്കർ നിക്ലാസ് ഫുൾക്രഗ് ജർമ്മനിക്ക് സമനില നേടിക്കൊടുത്തു.
സനെയും മുസിയാലയും ചേര്‍ന്നുതുടങ്ങിവെച്ച മുന്നേറ്റം ഫുള്‍ക്രഗ് മികച്ച ഫിനിഷിലൂടെ വലയിലെത്തിക്കുമ്പോള്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ നിസ്സഹായനായി. പിന്നീട് ഗ്രൗണ്ടില്‍ കണ്ടത് ആവേശോജ്ജ്വല പോരാട്ടമാണ്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.മത്സരത്തിന്റെ അവസാന ഇഞ്ചുറി ടൈമിൽ ജർമ്മനി ചില മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.