ഇനിയും കൂപ്പുകുത്തുന്നതിന് മുമ്പ് ബാഴ്‌സയിൽ നിന്നും രക്ഷപ്പെടൂ, ഗ്രീസ്‌മാന് മുൻ താരത്തിന്റെ ഉപദേശം.

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോയിൻ ഗ്രീസ്‌മാന്‌ തന്റെ പേരിനും പെരുമക്കുമൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. ഈ ലാലിഗയിൽ ഏഴ് മത്സരങ്ങൾ കളിച്ച താരം ആകെ നേടിയത് രണ്ടും ഗോളും ഒരു അസിസ്റ്റുമാണ്. മാത്രമല്ല പലപ്പോഴും സുവർണ്ണാവസരങ്ങൾ പോലും കളഞ്ഞു കുളിക്കുന്ന ഗ്രീസ്‌മാനെ ബാഴ്സയിൽ കാണാനായി. മാത്രമല്ല അവസാനമെടുത്ത പെനാൽറ്റികൾ താരം നഷ്ടപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ താരത്തിന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുയാണ് മുൻ ഫ്രഞ്ച് താരം ബിക്സന്റെ ലിസാറസു. കൂടുതൽ പരാജയങ്ങളിലേക്കും മോശം പ്രകടനങ്ങളിലേക്കും കൂപ്പുകുത്തുന്നതിന്റെ മുമ്പ് ബാഴ്സയിൽ നിന്നും രക്ഷപ്പെടൂ എന്നാണ് ഇദ്ദേഹം ഗ്രീസ്‌മാനോട്‌ പറഞ്ഞിരിക്കുന്നത്. മുമ്പ് അത്ലറ്റിക്ക്‌ ക്ലബ്ബിനും ബയേണിനും വേണ്ടി കളിച്ച താരമാണ് ലിസാറസു. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീസ്‌മാൻ ബാഴ്‌സയിൽ സന്തോഷവാനല്ലെന്നും പരിശീലകന് താരവുമായി നല്ല ബന്ധമല്ലെന്നും ഇദ്ദേഹം ആരോപിച്ചു.

” ചില സമയത്തു നമ്മൾ വിഡ്ഢിത്തങ്ങളിൽ ചെന്ന് പെടും. ആറു മാസമാണ് പരമാവധി അതിൽ തുടരാനുള്ള കാലാവധി.അതിന് ശേഷം എവിടെയാണോ അദ്ദേഹത്തിന് സന്തോഷം ലഭിക്കുക അങ്ങോട്ട് ചേക്കേറണം. എനിക്കൊരുപാട് ഇഷ്ടമുള്ള താരമാണ് ഗ്രീസ്‌മാൻ. അദ്ദേഹത്തെ ഇങ്ങനെ കാണുന്നത് ഒരുപാട് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. അദ്ദേഹത്തിന് ഇനി മികച്ചതാവണമെങ്കിൽ അദ്ദേഹത്തിന് അനുയോജ്യമായ പരിതസ്ഥിതി ലഭിക്കണം. ഒരു താരത്തെ സംബന്ധിച്ചെടുത്തോളം അദ്ദേഹം നല്ല പ്രകടനം പുറത്തെടുക്കണമെങ്കിൽ അതിന് അനുയോജ്യമായ സാഹചര്യങ്ങൾ ലഭിക്കണം. അത്ലെറ്റിക്കോ മാഡ്രിഡിലും ഫ്രാൻസിലും അദ്ദേഹത്തിന് അതുണ്ട് ” അദ്ദേഹം തുടർന്നു.

” ബാഴ്‌സയിൽ കളത്തിനകത്തോ പുറത്തോ അദ്ദേഹം സന്തോഷവാനല്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രീതിയിൽ കളിക്കാൻ സാധിക്കുന്നില്ല. ദേശിയ ടീമിൽ അവർ അദ്ദേഹത്തിന് മൂല്യം കൽപ്പിക്കുന്നു. എന്നാൽ ബാഴ്‌സയിൽ അത് ലഭിക്കുന്നില്ല. ഇത് രണ്ട് മാസമായി തുടരുന്ന കാര്യമല്ല. കഴിഞ്ഞ പതിനെട്ടു മാസമായി ഇതാണ് അവസ്ഥ. അത്കൊണ്ട് തന്നെ ഇനിയും പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്നതിന്റെ മുമ്പ് അദ്ദേഹം ബാഴ്സ വിടണം ” ലിസാറസു പറഞ്ഞു.