മോശം തീരുമാനങ്ങൾ തോൽവിക്ക് കാരണമായി : കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ച്

ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന തങ്ങളുടെ രണ്ടാമത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനോട് 5-2 ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി. എടികെ മോഹൻ ബഗാൻ താരം ദിമിത്രി പെട്രാറ്റോസിന്റെ ഹാട്രിക്കിന്റെ ബലത്തിലാണ് ടീമിന്റെ ജയം. മഞ്ഞപ്പട തങ്ങളുടെ സീസൺ ഓപ്പണറിൽ ഈസ്റ്റ് ബംഗാളിനെ 3-1ന് തോൽപ്പിച്ചെങ്കിലും ജുവാൻ ഫെറാൻഡോയുടെ ടീമിനെതിരെ ആ മിടുക്ക് ആവർത്തിക്കാനായില്ല.

ഈസ്റ്റ് ബംഗാളിനെതിരേ ഇരട്ടഗോൾ നേടിയ ഇവാൻ കല്യൂസ്‌നി, കളി തുടങ്ങി ആറു മിനിറ്റിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തി. എന്നിരുന്നാലും, ഡിമിട്രിയോസ് പെട്രാറ്റോസിന്റെ ഹാട്രിക്കും ജോണി കൗക്കോ, ലെന്നി റോഡ്രിഗസ് എന്നിവരുടെ ഓരോ ഗോളും സന്ദർശകർക്ക് വിജയം നേടിക്കൊടുത്തു. വൈകി ഒരു ഗോൾ നേടി രാഹുൽ കെപി ആതിഥേയർക്ക് പ്രതീക്ഷയുടെ തിളക്കം നൽകിയെങ്കിലും ഫലമുണ്ടായില്ല.മത്സരത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് തന്റെ ടീമിന് സംഭവിച്ച തെറ്റ് വിശദീകരിച്ചു.

“ഇത്രയും ശക്തമായ ടീമിനെതിരെ കളിക്കുന്നത് വളരെ കഠിനമായ കാര്യമാണ്. കളി ആരംഭിച്ചപ്പോൾ ഞങ്ങൾ വളരെ ശക്തരാണെന്നും ഞങ്ങൾക്ക് നന്നായി പ്രസ് ചെയ്ത് കളിക്കാനാകുമെന്നും മധ്യ നിര ഞങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്നെല്ലാം ഞാൻ വിചാരിച്ചു. എന്നാൽ കളിയിൽ പിന്തുടരേണ്ട ശാന്തത ഞങ്ങൾക്ക് പെട്ടന്ന് നഷ്ടമായി. ഞങ്ങൾ ഒരു ഗോൾ നേടിയെങ്കിലുംഅവർ ഞങകുടെ മേൽ ആധിപത്യംസ്ഥാപിച്ചു.അവർ ഞങ്ങളെ നിരീക്ഷിക്കുകയായിരുന്നു. ഞങ്ങൾ എങ്ങനെ കളിക്കുന്നു എങ്ങനെ പ്രതികരിക്കുന്നു എന്നെല്ലാം. പിന്നീട് ഞങ്ങൾക്കാ തെറ്റുകൾ സംഭവിച്ചു. നല്ല ഒരു അവസ്ഥയിൽ നിന്ന് ഞങ്ങൾ താഴേക്ക് പോയി” ഇവാൻ പറഞ്ഞു.

” രണ്ടാം പകുതിയും തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും അവർ ഗോൾ നേടി.വലിയ പിഴവുകളിൽ നിന്നാണ് ഗോളുകൾ പിറന്നത്.എന്നാൽ ഫുട്ബാളിൽ ഇത്തരത്തിലുള്ള തെറ്റുകൾ സ്വാഭാവികമാണ്. ഇന്നലെ സംഭവിച്ചത് ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ പരിശ്രമിക്കും. കൃത്യമായ തീരുമാനങ്ങളാണ് കളി തീരുമാനിക്കുന്നത്.ഹോം സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ ഞങ്ങൾ നന്നായി കളിക്കുമെന്നും ജയിക്കാൻ പരമാവധി ശ്രമിക്കുമെന്നും എല്ലാ ആരാധകരും അറിഞ്ഞിരിക്കണം. കാരണം ഞങ്ങൾ അവർക്കായാണ് കളിക്കുന്നത്. ഇന്നത്തെ കളിയിൽ നിന്ന് ഞങ്ങൾ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗോളുകൾ വഴങ്ങുമ്പോൾ ഭാവിയിൽ അവ കൈകാര്യം ചെയ്യാനും ഞങ്ങൾ പഠിച്ചിരിക്കണം. അതാണ് ഫുട്ബോൾ” ഇവാൻ കൂട്ടിച്ചേർത്തു.

ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനിയും മുന്നോട്ടു പോകാനുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ മത്സരത്തിലെ കനത്ത തോൽവി. പിഴവുകൾ തിരുത്താനും തിരിച്ചു വരാനും ഇതു പരിശീലകനെ സഹായിക്കും. അടുത്ത മത്സരത്തിൽ ഒഡിഷ എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

Rate this post