❝കേരളത്തിലേക്ക് വീണ്ടുമൊരു കിരീടമെത്തിച്ച് ഗോകുലത്തിന്റെ പെൺപുലികൾ❞| Gokulam Kerala

കേരള ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇത് ആഘോഷത്തിന്റെ വർഷമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയതിന് പിന്നാലെ സന്തോഷ് ട്രോഫിയിൽ ടീം കേരള കിരീടം നേടിയിരുന്നു . അത് കഴിഞ്ഞ് ഐ ലീഗ് കിരീടം ഗോകുലം കേരള നിലനിർത്തുകയും ചെയ്തു . ഇപ്പോഴിതാ ഗോകുലത്തിന്റെ പെൺ പുലികൾ ഇന്ത്യൻ വനിത ലീഗ് കിരീടവും കേരള മണ്ണിലേക്ക് എത്തിച്ചിരിക്കുകയാണ്.

തുടർച്ചയായ രണ്ടാം വർഷമാണ് ഗോകുലം കിരീടം നേടുന്നത്.ഇന്ന് ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന അവസാന ലീ​ഗ് മത്സരത്തിൽ സേതു എഫ്സിയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് ​ഗോകുലം കിരീടമുയർത്തിയത്. അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോൾ ഇരു ടീമുകൾക്കും പോയിന്റ് തുല്യമായതോടെയാണ് മത്സരം ഫൈനൽ പോലെയായത്.ഗോൾ വ്യത്യാസത്തിൽ വളരെയധികം മുന്നിലായിരുന്നതിനാൽ സമനില മതിയായിരുന്നു ​ഗോകുലത്തിന് കിരീടമുയർത്താൻ.

എന്നാൽ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ​ഗോൾ നേടി സേതു ​ഗോകുലത്തെ ഞെട്ടിച്ചു. രേണു റാണിയാണ് ഈ ​ഗോൾ നേടിയത്.പത്ത് മിനുട്ടുകൾക്ക് അകം തിരിച്ചടിക്കാൻ ഗോകുലത്തിനായി. 12ആം മിനുട്ടിൽ ആയിരുന്നു ഗോകുലത്തിന്റെ സമനില ഗോൾ. എൽ ഷദായിയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ആശാലത ദേവി ലക്ഷ്യത്തിൽ എത്തിച്ചു.33ആം മിനുട്ടിൽ എൽഷദായിയിലൂടെ ഗോകുലം ലീഡ് എടുത്തു. മനീഷയുടെ പാസിൽ നിന്നായിരുന്നു എൽ ഷദായിയുദെ ഗോൾ. എൽ ഷദായിയുടെ ഇരുപതാം ഗോളായിരുന്നു ഇത്.

പിന്നാലെ 40ആം മിനുട്ടിൽ മനീഷ കല്യാണും കൂടെ ഗോൾ നേടിയതോടെ ഗോകുലത്തിന്റെ കിരീടം അടുത്ത് എത്തി. മനീഷയുടെ 14ആം ഗോളായിരുന്നു ഇത്.ലീ​ഗിലെ പതിനൊന്ന് മത്സരങ്ങളിൽ എല്ലാം ജയിച്ച് 33 പോയിന്റുമായാണ് ​ഗോകുലം കിരീടം നിലനിർത്തിയത്. ​ഗോകുലത്തോട് മാത്രം തോറ്റ സേതു 30 പോയിന്റുമായി റണ്ണേഴ്സ് അപ് ആയി.ഈ കിരീട നേട്ടത്തോടെ അടുത്ത ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാനും ഗോകുലത്തിനാകും