കരാർ വിവരങ്ങൾ പുറത്ത്, മെസ്സിയെ കൊണ്ടുവരാൻ വീണ്ടും ബാഴ്സലോണക്ക് സുവർണ്ണാവസരം |Lionel Messi
ആരാധകരെയെല്ലാം വളരെയധികം നിരാശയിലാഴ്ത്തിയാണ് സൂപ്പർ താരമായ ലിയോ മെസ്സി തന്റെ അടുത്ത ക്ലബ്ബായി മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിനെ തിരഞ്ഞെടുത്തത്. മുൻ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് മെസ്സി മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടിയായിരുന്നു മെസ്സിയുടെ ഈയൊരു ട്രാൻസ്ഫർ വാർത്ത.
ബില്യൺ യൂറോയുമായി പണം വാരിയെറിഞ്ഞുകൊണ്ട് സൗദിയിൽ നിന്നും അൽ ഹിലാൽ ലിയോ മെസ്സിക്ക് വേണ്ടി ഏറെ നാൾ പരിശ്രമം നടത്തിയിരുന്നു. അവസാന നിമിഷങ്ങളിൽ അൽ ഹിലാലിന്റെ കാര്യമായ നീക്കങ്ങൾ പ്രതീക്ഷിച്ചെങ്കിലും ലിയോ മെസ്സിയുടെ തീരുമാനം ഇന്റർ മിയാമിയിൽ പോകാനായിരുന്നു.
ലിയോ മെസ്സി ഇന്റർ മിയാമിയിൽ പോയ കരാർ വിവരങ്ങൾ ഇപ്പോൾ അർജന്റീന മാധ്യമപ്രവർത്തകൻ ഗാസ്റ്റൻ എഡ്യൂൾ പുറത്ത് വിട്ടിട്ടുണ്ട്. ലിയോ മെസ്സിയുമായും അർജന്റീനയുമായി വളരെ അടുത്ത സൗഹൃദ ബന്ധം പുലർത്തുന്ന ഈ മാധ്യമപ്രവർത്തകൻ പറയുന്ന വാക്കുകൾ ബാഴ്സലോണ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.
ഇന്റർ മിയാമിയിലെ ലിയോ മെസ്സിയുടെ കരാർ മൂന്നു വർഷത്തേക്കാണെന്നും എന്നാൽ ഓരോ വർഷം കഴിയുമ്പോഴും കരാർ അവസാനിക്കുകയും പിന്നീട് ഇരുവർക്കും സമ്മതമാണെങ്കിൽ വീണ്ടും പുതുക്കും എന്ന രീതിയിലാണ് കരാർ. അങ്ങനെ മൂന്നു വർഷം വരെയാണ് പുതുക്കാനുള്ള അവസരം. നിലവിൽ 2024ജൂൺ മാസം വരെയാണ് മെസ്സിക്ക് കരാറുള്ളത്, അതിന് ശേഷം തന്റെ ഭാവി തീരുമാനിക്കാനുള്ള അവകാശം ലിയോ മെസ്സിക്കുണ്ട്.
El contrato de Leo Messi con Inter de Miami va a ser “año tras año”. Solo tiene asegurado hasta junio de 2024. Está estipulado que el contrato figure por tres años pero al tener opción de salida cada un año, por ahora no vas más allá de junio del próximo año hasta que ambos se… pic.twitter.com/AwC2lWuMC1
— Gastón Edul (@gastonedul) June 7, 2023
അതിനാൽ തന്നെ ഇപ്പോൾ ലിയോ മെസ്സിയെ സൈൻ ചെയ്യാൻ ബാഴ്സലോണ നേരിടുന്ന പ്രശ്നങ്ങൾ അടുത്ത വർഷം ആകുമ്പോഴേക്കും ബാഴ്സലോണ പരിഹരിക്കുമെന്നും തുടർന്ന് ലിയോ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ബാഴ്സലോണയിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ട്രാൻസ്ഫർ നടക്കുന്നതിലുള്ള തടസ്സങ്ങൾ കാരണമാണ് മറ്റൊരു ക്ലബ്ബ് തിരഞ്ഞെടുത്തത് എന്ന് മെസ്സി പറഞ്ഞു.