തനിക്കുള്ള കുഴി ഗ്രീസ്മാൻ തന്നെ കുഴിക്കുകയായിരുന്നു, ഗ്രീസ്മാനെതിരെ വിമർശനവുമായി മുൻ അത്ലറ്റിക്കോ പ്രതിരോധതാരം

ബാഴ്സലോണയിൽ ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന സൂപ്പർതാരമാണ് അന്റോയിൻ ഗ്രീസ്മാൻ. ലാലിഗയിൽ കഴിഞ്ഞ നാലു മത്സരങ്ങളിലും ഗോൾ കണ്ടെത്താനാവാതിരുന്ന ഗ്രീസ്മാനെ കൂമാൻ എൽ ക്ലാസിക്കോയിലും 80 മിനുറ്റ് വരെ ബെഞ്ചിലാണ് ഇരുത്തിയത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്‌സയെ റയൽ മാഡ്രിഡ്‌ തകർക്കുകയും ചെയ്തിരുന്നു.

വമ്പൻ തുകയ്ക്കാണ് ബാഴ്സ താരത്തെ സ്വന്തമാക്കിയതെങ്കിലും ഇതു വരെയും പ്രതീക്ഷക്കൊത്ത മികച്ച പ്രകടനം താരത്തിൽ നിന്നുമുണ്ടായിട്ടില്ല. എൽ ക്ലാസിക്കോയിലും ഇടം നൽകാതിരുന്നതോടെയാണ് ഗ്രീസ്മാനെതിരെ സഹതാപ വിമർശനവുമായി മുൻ അതിലറ്റിക്കോ മാഡ്രിഡ്‌ പ്രതിരോധ താരമായ അൽവാരോ ഡോമിൻഗ്വസ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെയാണ്‌ അദ്ദേഹം ഗ്രീസ്‌മാനെതിരായ അഭിപ്രായപ്രകടനം നടത്തിയത്.

ഗ്രീസ്മാൻ തനിക്കുള്ള കുഴിമാടം സ്വയം കുഴിക്കുകയായിരുന്നുവെന്നാണ് മുൻ അത്ലറ്റിക്കോ മാഡ്രിഡ്‌ താരം ട്വിറ്ററിൽ കുറിച്ചത്. അത്ലറ്റികോയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന താരത്തിനു ക്ലബ്ബ് വിടേണ്ടകാര്യമില്ലായിരുന്നുവെന്നാണ് അൽവാരോ ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാംപ്സും താരത്തിന്റെ ബാഴ്സയിലെ പൊസിഷനെതിരെയും മോശം പ്രകടനത്തിനെതിരെയും രംഗത്തെത്തിയിരുന്നു.

ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഗ്രീസ്‌മാന്‌ ബാഴ്സയിൽ കൂടുതൽ നിലനിൽപുണ്ടാവില്ലെന്നാണ് ഉറപ്പായിരിക്കുകയാണ്. ഈ സീസണിൽ ഒരു ഗോൾ പോലും നേടാനാവാത്ത താരത്തിനു അത്ലറ്റികോയുടെ പ്രകടനത്തിന്റെ ഏഴയലത്തുപോലും എത്താൻ സാധിച്ചിട്ടില്ല. കൂമാനു കീഴിൽ ഫ്രീ റോൾ ഇതുവരെ ലഭിക്കാത്തതും മെസിയുടെ പൊസിഷനുമായി ഒത്തു പോവാത്തതും ഗ്രീസമാന്റെ പ്രകടനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നു വേണം കരുതാൻ.

Rate this post