ഫുട്ബോൾ താരങ്ങളുടെ അനാവശ്യമായ ഗോളാഘോഷത്തിനെതിരെ വിമർശനവുമായി റയൽ മാഡ്രിഡ് മധ്യനിരതാരം ടോണി ക്രൂസ്. ബാഴ്സലോണ താരം അന്റോയിൻ ഗ്രീസ്മൻ, ആഴ്സനൽ നായകൻ ടോണി ക്രൂസ് എന്നിവരെയാണ് ക്രൂസ് എടുത്തു പറഞ്ഞു വിമർശിച്ചത്. ഗോൾ നേടിയതിനു ശേഷം കളിക്കാർ നൃത്തം ചെയ്യുന്നതു പോലെ ഗോളാഘോഷം നടത്തുന്നതിനെയാണ് ക്രൂസ് വിമർശിച്ചത്.
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകാറുള്ള ഇത്തരം ഗോൾ സെലിബ്രേഷനുകളിൽ യാതൊരു മതിപ്പും ക്രൂസിനില്ല. ഓബയാങ്ങിന്റെ മാസ്ക് സെലിബ്രേഷനെ എടുത്തു പറഞ്ഞു വിമർശിച്ച റയൽ താരം വീഡിയോ ഗെയിം കഥാപാത്രത്തെ അനുകരിച്ച് ഗ്രീസ്മൻ നടത്തിയിരുന്ന ‘ഫിഡ്ജെറ്റിങ്ങ്’ സെലിബ്രേഷനെയും കുറ്റപ്പെടുത്തി.
“എനിക്കതു വളരെ ബാലിശമായാണു തോന്നിയിട്ടുള്ളത്. അതിനേക്കാൾ മോശമാണ് സോക്സിനുള്ളിൽ സാധനങ്ങൾ ഒളിപ്പിച്ചു കൊണ്ടു വരുന്നത്. ഓബമയാങ്ങ് ഒരിക്കൽ മാസ്ക് ഒളിപ്പിച്ചു കൊണ്ടുവന്ന് ഗോളാഘോഷിച്ചതോടെ എനിക്കത് തീരെ അസഹ്യമായി. അതൊരു നല്ല മാതൃകയായി ഞാൻ കണക്കാക്കുന്നില്ല. എന്തൊരു വിഡ്ഢിത്തം.”
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗോളാഘോഷം ജർമൻ ഇതിഹാസമായ യെർദ് മുള്ളറുടേത് ആയിരുന്നുവെന്നും ക്രൂസ് സ്പോർട് ബിൽഡിനോടു സംസാരിക്കുമ്പോൾ വ്യക്തമാക്കി. ഉയരത്തിൽ ചാടിയുള്ള മുള്ളറുടെ ഗോളാഘോഷം വളരെയധികം സന്തോഷം തരുന്നതാണെന്നാണ് ക്രൂസ് പറയുന്നത്.