ബാഴ്സലോണ പരിശീലകൻ കൂമാനെതിരെ ഫ്രാൻസ് കോച്ച് ദെഷാംപ്സ്, ഗ്രീസ്മാൻ ക്ലബിൽ തൃപ്തനല്ലെന്ന് വിമർശനം

അന്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണയിൽ തൃപ്തനല്ലെന്ന വിമർശനവുമായി താരത്തിന്റെ ദേശീയ ടീം പരിശീലകൻ ദിദിയർ ദെഷാംപ്സ്. കഴിഞ്ഞ സമ്മറിൽ ബാഴ്സയിലെത്തിയ ഗ്രീസ്മന്റെ അരങ്ങേറ്റ സീസൺ അത്ര മികച്ചതായിരുന്നില്ലെങ്കിലും ഈ സീസണിൽ താരം കഴിവു തെളിയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിനുള്ള സാധ്യതയും വിദൂരമാണെന്നാണ് ദെഷംപ്സിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

“ബാഴ്സലോണയിലെ നിലവിലെ സാഹചര്യങ്ങളിൽ ഗ്രീസ്മൻ തൃപ്തനല്ലെന്നു ഞാൻ മനസിലാക്കുന്നു. പക്ഷേ അദ്ദേഹം എന്തെങ്കിലും തുറന്നു പറയാൻ തുടങ്ങിയാൽ കൂമാന് അതു കേൾക്കാൻ ഒട്ടും സന്തോഷമുണ്ടായിരിക്കില്ല.”

“ക്ലബുകളിൽ എന്തു സംഭവിക്കുന്നുവെന്നും അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യേണ്ട ആവശ്യം എനിക്കില്ല. എന്നാൽ ഗ്രീസ്മനിപ്പോൾ റൈറ്റ് വിങ്ങിലാണ് ബാഴ്സയിൽ കളിക്കുന്നത്. എന്തു കൊണ്ടാണ് അദ്ദേഹത്തിന് കൂടുതൽ സെൻട്രൽ റോൾ കൊടുക്കാത്തതെന്ന് എനിക്കു മനസിലാക്കാനേ കഴിയുന്നില്ല.” ദെഷാംപ്സ് വ്യക്തമാക്കി.

ബാഴ്സ ശൈലിയുമായി ഒത്തു ചേരാൻ ഗ്രീസ്മൻ ശ്രമിക്കണമെന്നും ദെഷംപ്സ് നിർദ്ദേശിച്ചു. ഫ്രാൻസ് ടീമിൽ സെക്കൻഡ് സ്ട്രൈക്കറായാണ് ഗ്രീസ്മനെ ദെഷംപ്സ് കളിപ്പിക്കുന്നത്. ബാഴ്സയിൽ പതറുന്ന താരം പക്ഷേ ദേശീയ ടീമിൽ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്.

Rate this post