ഗ്രീസ്മൻ ബാഴ്സയിൽ നിന്നാൽ ഗുണം റയൽ മാഡ്രിഡിന്, ഫ്രഞ്ച് താരത്തിന് റയൽ ഇതിഹാസത്തിന്റെ പരിഹാസം
ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസികോ മത്സരത്തിൽ ബാഴ്സയും റയൽ മാഡ്രിഡും തമ്മിൽ പോരാടാനിരിക്കെ മോശം ഫോമിൽ കളിക്കുന്ന അന്റോയിൻ ഗ്രീസ്മനെ പരിഹസിച്ച് റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ ഗുട്ടി. ലാ ലിഗ അംബാസിഡേഴ്സ് ഇവൻറിൽ എൽ ക്ലാസികോയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് ഗ്രീസ്മനെതിരെ ഗുട്ടി പരിഹാസത്തോടെ പ്രതികരിച്ചത്.
ഇരു ക്ലബുകൾക്കും വേണ്ട താരങ്ങളെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ ബാഴ്സക്കു വേണ്ടി പുതിയ കളിക്കാരെയാരെയും തിരഞ്ഞെടുക്കാൻ തനിക്കു താൽപര്യമില്ലെന്നാണ് ഗുട്ടി വ്യക്തമാക്കിയത്. ഗ്രീസ്മൻ ബാഴ്സയിൽ തുടരണമെന്നു മാത്രമാണു തന്റെ ആഗ്രഹമെന്നും പരിഹാസത്തോടെ താരം പറഞ്ഞു.
🔥 Guti mocks Griezmann and picks the players he thinks will be decisive in El #Clasico https://t.co/fLfgf0Tqhr
— MadridistaNews.com🌐 (@MadridistaNews) October 22, 2020
അതേ സമയം റയൽ മാഡ്രിഡിനു വേണ്ടി നെയ്മർ, എംബാപ്പെ എന്നിവരെ സ്വന്തമാക്കാൻ തനിക്കു താൽപര്യമുണ്ടെന്നും ഗുട്ടി പറഞ്ഞു. എൽ ക്ലാസികോ മത്സരത്തിൽ വിനീഷ്യസ് ജൂനിയർ, അൻസു ഫാറ്റി എന്നിങ്ങനെയുള്ള യുവതാരങ്ങളാണു തിളങ്ങാൻ സാധ്യതയെന്നും റയൽ മാഡ്രിഡിന്റെ ഇതിഹാസതാരം അഭിപ്രായപ്പെട്ടു.
റയലിനെ സംബന്ധിച്ച് എൽ ക്ലാസികോ ജീവന്മരണ പോരാട്ടമാണ്. കഴിഞ്ഞ രണ്ടു മത്സരത്തിലും തോൽവി വഴങ്ങിയ ടീമിന് ബാഴ്സലോണക്കെതിരെ വിജയം നേടേണ്ടത് അത്യാവശ്യമാണ്. അതേ സമയം ഹംഗേറിയൻ ക്ലബിനെതിരെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ മത്സരത്തിനിറങ്ങുന്നത്.