❛എന്നെ ക്യാപ്റ്റനാക്കിയതിൽ ഗ്രീസ്മാൻ നിരാശയിലായിരുന്നു, എന്നാൽ അക്കാര്യങ്ങളെല്ലാം പറഞ്ഞു തീർത്തു❜-എംമ്പപ്പേ

ഖത്തർ ലോകകപ്പിന് ശേഷം ഫ്രാൻസ് ടീമിൽ നിരവധി പ്രശ്‌നങ്ങൾ ഉയർന്നു വന്നിരുന്നു. ബെൻസിമക്ക് ലോകകപ്പിൽ അവസരം നൽകാത്തതിനെ ചൊല്ലിയാണ് ആദ്യം പ്രശ്‌നങ്ങൾ ഉണ്ടായത്. പിന്നീട് സിദാന് പരിശീലകനായി അവസരം നൽകാൻ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ തയ്യാറായില്ല. ഇതിനിടയിൽ ബെൻസിമ, വരാനെ, ലോറിസ്, മൻഡൻഡ എന്നീ താരങ്ങൾ വിരമിക്കുകയും ചെയ്‌തിരുന്നു.

ഇതിനു പിന്നാലെ ടീമിന്റെ നായകസ്ഥാനം എംബാപ്പെക്ക് നൽകാൻ തീരുമാനിച്ചതും കുഴപ്പങ്ങൾ സൃഷ്‌ടിച്ചു. ടീമിൽ വളരെയധികം സീനിയർ താരമായ അന്റോയിൻ ഗ്രീസ്‌മാനാണു ഇക്കാര്യത്തിൽ അസ്വസ്ഥനായത്. ഫ്രാൻസ് ടീമിൽ താനും നെടുന്തൂണാണെന്നിരിക്കെ തന്നെ മറികടന്ന് ഇരുപത്തിനാലുകാരനായ എംബാപ്പയെ നായകനാക്കിയത് ഗ്രീസ്‌മന് അംഗീകരിക്കാൻ കഴിഞ്ഞില്ല.

തന്നെ നായകനാക്കി തിരഞ്ഞെടുത്തതിൽ ഗ്രീസ്‌മന് അതൃപ്‌തി ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം എംബാപ്പെ തന്നെ വ്യക്തമാക്കിയിരുന്നു. നെതർലാൻഡ്‌സിനെതിരെ നടന്ന യൂറോ കപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇക്കാര്യം വ്യക്തമാക്കിയ എംബാപ്പെ ആ പ്രശ്‌നങ്ങൾ തങ്ങൾ സംസാരിച്ച് പരിഹരിച്ചുവെന്നും വ്യക്തമാക്കി.

“ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ടു ഞാൻ ഗ്രീസ്‌മനോട് സംസാരിച്ചിരുന്നു. താരം വളരെ നിരാശനായിരുന്നു, അത് മനസിലാക്കാൻ കഴിയുന്ന കാര്യവുമാണ്. ഞാൻ നിങ്ങൾക്ക് മുകളിലല്ലെന്നാണ് ഗ്രീസ്‌മനോട് പറഞ്ഞത്. യൂറോപ്പും ലോകവും ഭരിക്കാൻ ഫ്രാൻസ് ടീമിൽ നമ്മൾ ഒരുമിച്ച് നിന്നാണ് പോരാടേണ്ടത് എന്നും ഞാൻ പറഞ്ഞിരുന്നു.” എംബാപ്പെ കഴിഞ്ഞ ദിവസം അറിയിച്ചു.

എംബാപ്പെയുടെ വാക്കുകൾ ഗ്രീസ്‌മൻ അതുപോലെ തന്നെ ഉൾക്കൊണ്ടുവെന്നാണ് മനസിലാക്കേണ്ടത്. ഇന്നലെ നടന്ന മത്സരത്തിൽ ഹോളണ്ടിനെതിരെ എംബാപ്പെ നൽകിയ അസിസ്റ്റിൽ ഗ്രീസ്‌മനാണു ടീമിന്റെ ആദ്യത്തെ ഗോൾ നേടിയത്. അതിനു ശേഷം രണ്ടു താരങ്ങളും ഒരുമിച്ച് ആഘോഷിച്ചത് അവർ തമ്മിൽ പ്രശ്‌നങ്ങളില്ലെന്നതിന്റെ വ്യക്തമായ സൂചന നൽകുന്നു.