അർജന്റീനയുടെയും ബ്രസീലിന്റെയും എതിരാളികൾ തീരുമാനമായി, മത്സരത്തിന്റെ തീയതികൾ പുറത്തുവന്നു

ഈ വർഷം ജൂൺ മാസത്തിൽ ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിലേക്ക് വേണ്ടിയുള്ള ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായിട്ടുണ്ട്. നിലവിലെ ലോക ചാമ്പ്യന്മാരും കോപ്പ അമേരിക്ക ചാമ്പ്യന്മാരുമായ അർജന്റീനയും ലാറ്റിനമേരിക്കൻ ഫുട്ബോളിലെ ശക്തരായ ബ്രസീലും ഉൾപ്പെടെയുള്ള ടീമുകളാണ് 4 ഗ്രൂപ്പുകളിലായി തരം തിരിഞ്ഞത്.

16 ടീമുകൾ നാലു ഗ്രൂപ്പുകളിലേക്ക് തരം തിരിഞ്ഞപ്പോൾ ഓരോ ഗ്രൂപ്പിലും 4 ടീമുകളാണ്, ഓരോ ഗ്രൂപ്പിൽ നിന്നും പരസ്പരം ഏറ്റുമുട്ടി ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കായിരിക്കും ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത ലഭിക്കുക. ജൂൺ 20ന് അർജന്റീന vs കാനഡ മത്സരത്തോടെയാണ് കോപ്പ അമേരിക്ക ടൂർണമെന്റിന് ആരംഭം കുറിക്കുന്നത്.

ജുൺ 25ന് ചിലിയെയും ജൂൺ 29ന് പെറുവിനെയും നേരിടുന്നതോടെ അർജന്റീനയുടെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാവും, ഗ്രൂപ്പ് എ യിൽ കാനഡ, പെറു, ചിലി എന്നീ ടീമുകൾക്കൊപ്പം ആണ് അർജന്റീന മത്സരിക്കുന്നത്. ഗ്രൂപ്പ് ബി യിൽ മെക്സിക്കോ, എക്വഡോർ, വെനിസ്വേല, ജമൈക എന്നീ ടീമുകൾ തമ്മിലാണ് മത്സരിക്കുന്നത്.

ഗ്രൂപ്പ് സിയിൽ അമേരിക്ക, പനാമ, ഉറുഗ്വ, ബോളിവിയ എന്നീ ടീമുകൾ തമ്മിൽ മത്സരിക്കും. ഗ്രൂപ്പ് ഡി യിൽ ബ്രസീലിനൊപ്പം കോസ്റ്ററിക, കൊളമ്പിയ, പരാഗ്വ എന്നീ ടീമുകളാണ് മത്സരിക്കുന്നത്. ജൂൺ 24ന് കോസ്റ്ററികക്കെതിരെയും ജൂൺ 28ന് പരാഗ്വക്കെതിരെയും ജൂലൈ 2ന് കൊളമ്പിയക്കെതിരെയുമാണ് ബ്രസീലിന്റെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ.

5/5 - (1 vote)