പ്രീമിയർ ലീഗ് ഈ സീസണിൽ പുതിയൊരു ടീം വെല്ലുവിളി ഉയർത്തുമെന്ന് ഗാർഡിയോള

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തമായ കിരീടപ്പോരാട്ടമാണ് ഓരോ വർഷവും നടക്കാറുള്ളത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലായിരുന്നു മത്സരമുണ്ടായിരുന്നത്. അവസാനത്തെ റൗണ്ട് വരെ നീണ്ട കിരീടപ്പോരാട്ടത്തിനൊടുവിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ലിവർപൂളിനെ മാഞ്ചസ്റ്റർ സിറ്റി മറികടന്ന് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തു.

ഇത്തവണ പ്രീമിയർ ലീഗിൽ ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയുമാണ് നിലവിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളായി കരുതപ്പെടുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയടക്കം ഏഴു ടീമുകൾക്ക് ഇത്തവണ കിരീടം സ്വന്തമാക്കാൻ കഴിയുമെന്നാണ് പെപ് ഗ്വാർഡിയോള പറയുന്നത്. സൗദി അറേബ്യ സ്വന്തമാക്കിയ ന്യൂകാസിൽ യുണൈറ്റഡും അതിലൊരു ടീമാണെന്ന് ഗ്വാർഡിയോള പറയുന്നു.

ആഴ്സനൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ്, ലിവർപൂൾ എന്നീ ടീമുകൾക്കാണ് ഇത്തവണ പ്രീമിയർ ലീഗിൽ സാധ്യതയെന്നാണ് ഗ്വാർഡിയോള പറയുന്നത്. ലിവർപൂൾ ഇപ്പോൾ മോശം ഫോമിലാണെങ്കിലും നിരവധി വർഷങ്ങളായി അവർക്കൊപ്പമുള്ള പരിശീലകനും താരങ്ങൾക്കും പതിനേഴു കളികളിൽ തുടർച്ചയായി വിജയം നേടാനുള്ള കഴിവുണ്ടെന്നും അഭിപ്രായപ്പെട്ടു.

ആഴ്സനലിനാണ് ഗാർഡിയോള നിലവിൽ കിരീടസാധ്യത കൂടുതൽ കൽപ്പിക്കുന്നത്. നിലവിൽ നാലാം സ്ഥാനത്തുള്ള ന്യൂകാസിൽ യുണൈറ്റഡും വലിയ ഭീഷണിയാകുമെന്നും അദ്ദേഹം പറയുന്നു. യൂറോപ്യൻ ടൂർണമെൻറുകൾക്ക് യോഗ്യത നേടാത്ത ന്യൂകാസിലിന് ആഭ്യന്തര കിരീടങ്ങളിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുള്ളൂവെന്നത് അവർക്ക് കൂടുതൽ സാധ്യത നൽകുന്നുവെന്നാണ് സിറ്റി പരിശീലകൻ അഭിപ്രായപ്പെടുന്നത്.

Rate this post