സിറ്റിയുടെ തുറുപ്പുചീട്ടിനെ റാഞ്ചാൻ ബാഴ്‌സ; വിട്ട് തരില്ലെന്ന് പെപ്; ട്രാൻസ്ഫർ മാർക്കറ്റിൽ കടുത്ത പോരാട്ടം

സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനി ആഴ്ചകൾ ബാക്കിയുണ്ടെങ്കിലും ക്ലബ്ബുകളൊക്കെ മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച താരങ്ങളെ ലക്ഷ്യമിടുന്ന ക്ലബ്ബുകളിൽ ഒന്നാണ് സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ. ലയണൽ മെസ്സിയെ തിരികെയെത്തിക്കുക എന്ന പദ്ധതി മാത്രമല്ല, യൂറോപ്പിലെ ഒരു പിടി മികച്ച താരങ്ങളെയും സ്വന്തമാക്കാൻ ബാഴ്സ പദ്ധതിയിടുന്നുണ്ട്.

മെസ്സിക്ക് ശേഷം ബാഴ്സ പ്രധാനമായും ലക്ഷ്യമിടുന്ന താരമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ ഇക്കേ ഗുണ്ടോകൻ. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമാണ് ജർമൻ താരമായ ഗുണ്ടോഗൻ. അതിനാൽ താരത്തെ വിട്ടു നൽകാൻ സിറ്റി തയ്യാറല്ല എന്നുള്ളതാണ് ബാഴ്സയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളി.ഗുണ്ടോകനെ ടീമിലെത്തിക്കാൻ ബാഴ്സ നേരത്തെയും ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അന്നൊന്നും താരത്തെ സ്വന്തമാക്കാൻ ബാഴ്സയ്ക്ക് സാധിച്ചില്ല. എന്നാൽ ഇത്തവണ താരത്തിന് വേണ്ടി രണ്ടും കൽപ്പിച്ച് തന്നെയാണ് ബാഴ്സയുള്ളത്.

സിറ്റി പരിശീലകൻ ഗാർഡിയോളയുടെ പ്രിയ താരമാണ് ഗുണ്ടോഗൻ. താൻ പരിശീലിപ്പിച്ചവരിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഗുണ്ടോഗനെന്നും അതിനാ അദ്ദേഹം ഇവിടെ തുടരുമെന്നാണ് പ്രതീക്ഷയെന്നും പെപ് ഗാർഡിയോള കുറച്ചു ദിവസങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നു. സിറ്റിക്ക് എത്രത്തോളം പ്രധാനപ്പെട്ട താരമാണ് ഗുണ്ടോഗൻ എന്ന് വ്യക്തമാക്കുന്നതാണ് ഗാർഡിയോളയുടെ ഈ വാക്കുകൾ.

സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് തേരോട്ടത്തിലും പ്രീമിയർ ലീഗ് തേരോട്ടത്തിലും നിർണായക പങ്കുവഹിക്കുന്ന താരമാണ് ഗുണ്ടോഗൻ എന്നുള്ളതിനാൽ സിറ്റിക്കും താരത്തെ നിലനിർത്താനുള്ള ആഗ്രഹമുണ്ട്. താരവുമായി സിറ്റി പുതിയ കരാർ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ സീസൺ അവസാനം മാത്രമേ താരം തന്റെ നിലപാട് വ്യക്തമാക്കുകയുള്ളൂ. അതിനാൽ ബാഴ്സയ്ക്ക് ഗുണ്ടോഗന്റെ കാര്യത്തിൽ ഇനിയും കാത്തിരിക്കണമെന്ന് അർത്ഥം.

2016ൽ ജർമ്മൻ ക്ലബ്ബ് ബോറൂസിയ ഡോർട്ട് മണ്ടിൽ നിന്നാണ് താരം മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. അന്നുമുതൽ ഇന്നുവരെ ക്ലബ്ബിനായി 180ലധികം മത്സരങ്ങൾ താരം കളിച്ചു.

3/5 - (2 votes)