‘ഇന്ത്യയുടെ പറക്കും സിംഗ്’ : സാഫ് കപ്പിന്റെ സെമിയിലും ഫൈനലിലും ഹീറോയായ ഗുർപ്രീത് |Gurpreet Singh Sandhu

ഇന്ത്യൻ ദേശീയ ടീമിന് ആഹ്ലാദം നിറഞ്ഞ മറ്റൊരു രാത്രി കൂടി കടന്നു പോയിരിക്കുകയാണ്. ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മികച്ച പ്രകടനമാണ് ഇന്നലെ ഇന്ത്യക്ക് സന്തോഷം നൽകിയത്.

കുവൈത്തിനെതിരെ ബെംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആവേശ ഫൈനലില്‍ എക്സ്‍ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടർന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ട് സഡന്‍ ഡത്തിലേക്ക് നീണ്ടപ്പോള്‍ ഇന്ത്യ 5-4ന് കുവൈത്തിനെ കീഴടക്കി ഒൻപതാം തവണയും ഇന്ത്യ സാഫ് കിരീടത്തിൽ മൂത്തമിട്ടു. സെമിയിലും ഫൈനലിലും ഇന്ത്യയുടെ വിജയ ശില്പിയായി മാറിയത് ഗുർപ്രീത് ആണ്.

സെമി ഫൈനലില്‍ ലെബനോന്റെ ഹസന്‍ മതൗക്കിന്റെ ഷോട്ട് തടുത്താണ് ഗുര്‍പ്രീത് ഇന്ത്യക്ക് ഫൈനല്‍ സീറ്റ് നേടിക്കൊടുത്തത്. ഫൈനലില്‍ ആറാം കിക്കെടുക്കാനെത്തിയ കുവൈത്ത് നായകന്‍ ഖാലിദ് ഹാജിയയുടെ ഷോട്ട് തട്ടിയകറ്റിയാണ് ഗുര്‍പ്രീത് ഇന്ത്യക്ക് അഭിമാന കിരീടം സമ്മാനിച്ചത്.അഞ്ചു ഗോളുകൾ നേടിയ നായകൻ സുനിൽ ഛേത്രിയെക്കാൾ ടീമിന്റെ വിജയത്തിന് കാരണക്കാരനായത് ഗുർപ്രീത് സിങ് സന്ധുവാണെന്ന് പറയേണ്ടി വരും. എന്നാൽ മത്സര ശേഷം മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ എല്ലാവരും തലയിൽ കൈവെച്ചു.

മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ബംഗ്ലാദേശ് താരമായ അനീസുർ റഹ്‌മാൻ സിക്കോക്കാണ് നൽകിയത്. തിങ്കളാഴ്ച ബംഗ്ലാദേശിലേക്ക് മടങ്ങിയതിനാൽ ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ അവാർഡ് വിതരണം ചെയ്യുമ്പോൾ സിക്കോ ഉണ്ടായിരുന്നില്ല.14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ടൂർണമെന്റിന്റെ സെമി ഫൈനൽ കടന്നപ്പോൾ ടൂർണമെന്റിലെ ബംഗ്ലാദേശിന്റെ പ്രകടനം പ്രശംസ പിടിച്ചുപറ്റി.ഗുർപ്രീത് തന്നെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കുമെന്ന് ഉറപ്പിച്ചിരുന്ന ആരാധകർക്ക് നിരാശ നൽകുന്ന തീരുമാനമായിരുന്നു അത്.അദ്ദേഹത്തിന്റെ മിന്നും പ്രകടനമില്ലായിരുന്നെങ്കില്‍ കിരീടം ഇന്ത്യ കൈവിടുമായിരുന്നുവെന്നുറപ്പ്.

ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളിയെന്ന വിശേഷണം ഗുര്‍പ്രീതിന് നല്‍കാം. 61 മത്സരങ്ങളില്‍ നിന്ന് 24 ക്ലീന്‍ ഷീറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യയുടെ മറ്റൊരു ഗോളിക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. “ഇത് കഠിനമായ ഗെയിമായിരുന്നു, ഒരു ഗോൾ വീണിട്ടും ഇന്ത്യ ശക്തമായി തിരിച്ചു വന്നു.കുവൈറ്റ് സമനിലയ്ക്കായി കളിച്ചു, പെനാൽറ്റിയിൽ എത്തി. പെനാൽറ്റിയുടെ കാര്യത്തിൽ, ഭാഗ്യം ഒരു വലിയ ഘടകമാണ് – ഇന്ന് രാത്രി ഞങ്ങൾക്ക് അത് ലഭിച്ചതിൽ സന്തോഷം” മത്സര ശേഷം സന്ധു പറഞ്ഞു.

Rate this post