“ഞാനത് ചെയ്‌തിരുന്നെങ്കിൽ ആശുപത്രിയിൽ കിടന്നേനെ”- ഹാലാൻഡ് ഗോളിനെക്കുറിച്ച് കെവിൻ ഡി ബ്രൂയ്ൻ

പ്രീമിയർ ലീഗ് കിരീടം നേടണമെങ്കിൽ ഒരു പോയിന്റ് പോലും നഷ്‌ടപ്പെടാൻ കഴിയില്ലെന്നിരിക്കെ അതിനായി പൊരുതുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് സൗത്താംപ്റ്റനെയാണ് മാഞ്ചസ്റ്റർ സിറ്റി കീഴടക്കിയത്. ഹാലാൻഡ് രണ്ടു ഗോളുകൾ നേടിയപ്പോൾ ഗ്രീലിഷ്, അൽവാരസ് എന്നിവർ സിറ്റിയുടെ മറ്റു ഗോളുകൾ നേടി.

മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യത്തെ ഗോൾ ഹാലാൻഡ് നേടിയപ്പോൾ രണ്ടാമത്തെ ഗോൾ ഗ്രിലിഷാണ് സ്വന്തമാക്കിയത്. അതിനു ശേഷം ഹാലാൻഡ് നേടിയ മൂന്നാമത്തെ ഗോൾ ആരാധകർ ചർച്ച ചെയ്‌ത ഒന്നായിരുന്നു. ജാക്ക് ഗ്രീലിഷ് നൽകിയ പാസ് ഒരു അക്രോബാറ്റിക് ഓവർഹെഡ് കിക്കിലൂടെയാണ് ഹാലാൻഡ് വലയിലെത്തിച്ചത്.

ഹാലാൻഡിന്റെ ആ ഗോളിനെക്കുറിച്ച് മത്സരത്തിന് ശേഷം രസകരമായ പ്രതികരണമാണ് ആദ്യത്തെ ഗോളിന് അസിസ്റ്റ് നൽകിയ കെവിൻ ഡി ബ്രൂയ്ൻ നടത്തിയത്. അത്തരമൊരു കിക്ക് തന്റെ ഭാഗത്തു നിന്നും ഒരിക്കലും പ്രതീക്ഷിക്കരുതെന്നാണ് ഇന്നലെ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ നൂറു ഗോളുകൾക്ക് വഴിയൊരുക്കിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ഡി ബ്രൂയ്ൻ പറഞ്ഞത്.

“ഹാലാൻഡ് നേടിയ രണ്ടാമത്തെ ഗോൾ മികച്ചതായിരുന്നു. എന്നാൽ ഞാനൊരിക്കലും അങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയില്ല. അങ്ങിനെ ചെയ്‌താൽ എന്നെ നിങ്ങൾക്ക് സതാംപ്റ്റണിലെ ആശുപത്രിയിലായിരിക്കും കാണാൻ കഴിയുക. അവസരങ്ങൾ നൽകിയാൽ ഹാലൻഡിനു ധാരാളം ഗോളുകൾ നേടാൻ കഴിയും.” താരം പറഞ്ഞു.

മത്സരത്തിൽ വിജയം നേടിയതോടെ ആഴ്‌സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം അഞ്ചായി തുടരുകയാണ്. ആഴ്‌സനലിനെ അടുത്ത മത്സരം ലിവർപൂളിനെതിരെയാണ്. ലീഗിൽ ഒൻപതു മത്സരങ്ങൾ ബാക്കി നിൽക്കെ അതിൽ ഗണ്ണേഴ്‌സ്‌ തോറ്റാൽ ആഴ്‌സനലിനെ മറികടക്കാമെന്ന പ്രതീക്ഷ മാഞ്ചസ്റ്റർ സിറ്റിക്ക് വർധിക്കും.