എർലിങ് ഹാലൻഡ്: മറ്റൊരു ദിവസം, മറ്റൊരു ഗോൾ, മറ്റൊരു റെക്കോർഡ്

റെഡ്ബുൾ സാൽസ്ബർഗിലും ബൊറൂസിയ ഡോർട്മുണ്ടിലും തന്റെ ഗോൾവേട്ട കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു എർലിങ് ഹാലൻഡ് എങ്കിലും പ്രീമിയർ ലീഗിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയപ്പോൾ പലരും സംശയം ഉന്നയിച്ചിരുന്നു. യൂറോപ്പിലെ മറ്റു ലീഗുകളെക്കാൾ കടുപ്പമേറിയ പ്രീമിയർ ലീഗിൽ ഹാലൻഡിനു തിളങ്ങാൻ കഴിയുമോയെന്ന സംശയമാണ് പലരും ഉന്നയിച്ചതെങ്കിലും തന്റെ ബൂട്ടുകൾ കൊണ്ട് അതിനു മറുപടി നൽകുകയാണ് നോർവീജിയൻ താരമിപ്പോൾ.

ഇന്നു വോൾവ്‌സിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലും എർലിങ് ഹാലാൻഡ് ഗോൾ കണ്ടെത്തുകയുണ്ടായി. ജാക്ക് ഗ്രീലിഷിലൂടെ മുന്നിലെത്തിയ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി പതിനാറാം മിനുട്ടിൽ ബെർണാർഡോ സിൽവയുടെ പാസിൽ നിന്നാണ് ഹാലൻഡ് ഗോൾ കണ്ടെത്തുന്നത്. ഫിൽ ഫോഡൻ കൂടി ഗോൾ നേടിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം കണ്ടെത്തിയ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആഴ്‌സനലിനെ മറികടന്ന് താൽക്കാലികമായി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്‌തു.

മത്സരത്തിൽ ഗോൾ കണ്ടെത്തിയതോടെ പ്രീമിയർ ലീഗിലെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കാൻ എർലിങ് ഹാലൻഡിനു കഴിയുകയുണ്ടായി. പ്രീമിയർ ലീഗിലെ ആദ്യത്തെ നാല് എവേ മത്സരങ്ങളിലും ഗോൾ നേടിയ ആദ്യത്തെ താരമെന്ന റെക്കോർഡാണ് വോൾവ്‌സിനെതിരായ ഗോളോടെ ഹാലൻഡ്‌ സ്വന്തമാക്കിയത്. ഇതിനു മുൻപ് പ്രീമിയർ ലീഗിലെ ആദ്യത്തെ അഞ്ചു മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡും ഹാലൻഡ് സ്വന്തമാക്കിയിരുന്നു. അഞ്ചു മത്സരങ്ങളിൽ നിന്നും ഒൻപതു ഗോളുകൾ നേടിയ താരം അഗ്യൂറോ, മിക്കി ക്വിൻ എന്നിവരുടെ നേട്ടമാണ് പിന്നിലാക്കിയത്.

ഈ സീസണിലിതു വരെ പ്രീമിയർ ലീഗിൽ ഏഴു മത്സരങ്ങൾ കളിച്ച് രണ്ടു ഹാട്രിക്കുകൾ അടക്കം പതിനൊന്നു ഗോളുകളാണ് ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി നേടിയിരിക്കുന്നത്. ഇതിനു പുറമെ രണ്ടു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകളും നോർവീജിയൻ താരം സ്വന്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയെപ്പോലെ ആക്രമണ ഫുട്ബോൾ കളിക്കുന്ന ടീമിനൊപ്പം നിരവധി റെക്കോർഡുകൾ ഈ സീസണിൽ തകർക്കുമെന്നുറപ്പിക്കുന്ന പ്രകടനമാണ് ഇരുപത്തിരണ്ടു വയസുള്ള താരം കാഴ്‌ച വെക്കുന്നത്.

എർലിങ് ഹാലാൻഡിന്റെ തകർപ്പൻ പ്രകടനം ഈ സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിയുമെന്ന പ്രതീക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗ് കിരീടം നിലനിർത്താനും ഇതുവരെയും സ്വന്തമാക്കാൻ കഴിയാത്ത ചാമ്പ്യൻസ് ലീഗ് കിരീടം നേടാനും നോർവീജിയൻ താരത്തിലൂടെ കഴിയുമെന്ന് ഏവരും കരുതുന്നു.

Rate this post