ബയേണിലേക്ക് പോവരുത്, ഹാലണ്ടിന് കാരണസഹിതമുള്ള ഉപദേശവുമായി മുൻ ബയേൺ ഇതിഹാസം !

നിലവിൽ ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി വളരാൻ എർലിങ് ഹാലണ്ടിന് കഴിഞ്ഞിട്ടുണ്ട്. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ വമ്പൻ ക്ലബുകളുടെ നോട്ടപ്പുള്ളിയാവാനും താരത്തിന് സാധിച്ചു. നിലവിൽ ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി കളിക്കുന്ന താരത്തിന്റെ പിന്നാലെ ഒരുപാട് ക്ലബുകൾ നിലവിലുണ്ട്. എന്നാൽ താരത്തിന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ബയേൺ മ്യൂണിക്ക് ഇതിഹാസതാരമായ ലോതർ മത്തേവൂസ്.

ബയേണിലേക്ക് പോവരുത് എന്നാണ് ഇദ്ദേഹം താരത്തിന് നൽകിയിരിക്കുന്ന ഉപദേശം.ഇതിന് വ്യക്തമായ കാരണവും മുൻ ജർമ്മൻ ഇതിഹാസം നിരത്തുന്നുണ്ട്. റോബർട്ട്‌ ലെവന്റോസ്ക്കി ഉള്ളതിനാലാണ് താരത്തെ അതിൽ നിന്നും വിലക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം റയൽ മാഡ്രിഡ്‌, ബാഴ്സ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ തുടങ്ങിയ ക്ലബുകളെയാണ് ഹാലണ്ട് പരിഗണിക്കേണ്ടതെന്നും മത്തേവൂസ് കൂട്ടിച്ചേർത്തു.

” ലോകത്തിലെ ഏറ്റവും മികച്ച പത്ത് ക്ലബുകളിൽ ഒന്നാണ് ഡോർട്മുണ്ട്. എന്നാൽ അതിനും മുകളിൽ മികച്ച ക്ലബുകൾ ഉണ്ട്. ആ ക്ലബുകളിൽ ഒന്നിനെ ഹാലണ്ട് തിരഞ്ഞെടുക്കണം. ബയേണിനെ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം രണ്ടോ മൂന്നോ വർഷം കൂടി ലെവന്റോസ്ക്കി ബയേണിൽ ഉണ്ടാവും. അത്കൊണ്ട് തന്നെ താരം ബയേണിലേക്ക് പോവരുത്. മറ്റേതെങ്കിലും ക്ലബ്ബിനെ തിരഞ്ഞെടുക്കണം ” മത്തേവൂസ് തുടർന്നു.

” ബാഴ്സലോണ, റയൽ മാഡ്രിഡ്‌, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരെല്ലാം തന്നെ താരത്തിന് അനുയോജ്യമായതാണ്. എനിക്കറിയാം ഹാലണ്ട് അധികകാലമൊന്നും ബൊറൂസിയയിൽ തുടരില്ലെന്ന് ” മത്തേവൂസ് സ്കൈ 90 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി 27 മത്സരങ്ങൾ കളിച്ച 24 ഗോളുകൾ ഇത് വരെ നേടിക്കഴിഞ്ഞു.