ഹര്‍മന്‍ജോത് സിംഗ് ഖബ്ര : ” തെരുവിൽ പന്ത് തട്ടി വളർന്ന ബ്ലാസ്റ്റേഴ്സിന്റെ കഠിനാധ്വാനി “

പഞ്ചാബിലെ തെരുവുകളിൽ പന്ത് തട്ടി കൊണ്ടിരുന്ന കാലത്ത് അവന് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലായിരുന്നു. പഠനം കഴിഞ്ഞ് ഒരു ജോലിയൊക്കെ കിട്ടി കുടുംബത്തിന് സഹായമാകണം , ഏതൊരു ചെറുപ്പക്കാരനും ആഗ്രഹിക്കുന്ന കാര്യം. എന്നാൽ സ്ട്രീറ്റ് ഫുട്ബോളിലെ ശൈലി അവന്റെ കാലുകൾക്ക് വലിയ ഊർജം നല്കി. മുമ്പിൽ വരുന്ന എതിരാളികളിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത് സഹതാരങ്ങൾക്ക് കൊടുക്കാനും ഗോളുകൾ അടിക്കാനും അവൻ ഇഷ്ടപെട്ടു. ഫുട്ബോളിനെ വിശ്വസിച്ച അവനെ പന്ത് ചതിച്ചില്ല , ഇന്ന് അവന്റെ പേരിൽ പ്രശസ്തമായ ആ ഗ്രാമത്തിലെ ജനത ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് മത്സരങ്ങൾ ഉള്ള ദിവസം വലിയ സ്ക്രീനിൽ അവന്റെ കളി ആസ്വദിക്കുന്നു. അവന്റെ ഓരോ നീക്കങ്ങൾക്കും ആവേശം പ്രകടിപ്പിക്കുന്ന അവർ , അവന്റെ പേര് എപ്പോഴൊക്കെ വിളിച്ച് പറയുന്നുവോ അപ്പോഴെല്ലാം അഭിമാനം കൊള്ളുന്നു. അതെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വാസം – ഹര്‍മന്‍ജോത് സിംഗ് ഖബ്ര.

പ്രതിതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം 90 മിനിറ്റും അദ്ധ്വാനിച്ച് കളിക്കാൻ കഴിവുള്ള അപൂർവം ഇന്ത്യൻ താരങ്ങളിൽ ഒരാളാണ്.പ്രാദേശിക ടൂര്‍ണമെന്റിലെ മികവിന്റെ അടിസ്ഥാനത്തിലാണ് ഖബ്രയുടെ പ്രഫഷണല്‍ രംഗ പ്രവേശനം. സ്‌ട്രൈക്കര്‍ ആയി ആയിരുന്നു ഖബ്ര ആദ്യം കളി ആരംഭിച്ചത്. ഫുട്‌ബോള്‍ കളിക്കാരനാകാനുള്ള തയാറെടുപ്പോടെ ടാറ്റ അക്കാഡമിയില്‍ എത്തി. അണ്ടര്‍ 16 ഇന്ത്യന്‍ ടീമില്‍ എത്തിയതോടെ ക്ലബ്ബുകളുടെ കണ്ണുടക്കിത്തുടങ്ങി.

അങ്ങനെ 18-ാം വയസില്‍ ഗോവന്‍ ഐ ലീഗ് ക്ലബ്ബായ സ്‌പോര്‍ട്ടിംഗിലേക്ക് ചേക്കേറി, ആദ്യ കാലങ്ങളിൽ ഗോളടിക്കാൻ ഇഷ്ട്ടമുള്ള സ്ട്രൈക്കറായി കരിയർ ആരഭിച്ച താരത്തിന്റെ ശക്തിയും വേഗതയും ഒക്കെ കണ്ട പരിശീലകരാണ് പ്രതിരോധ നിരയിലും മധ്യനിരയിലും താരത്തെ കളിപ്പിച്ചത്. ആദ്യ സീസണിൽ തന്നെ ഫെഡറേഷന്‍ കപ്പിന്റെ ഫൈനല്‍ കളിച്ച ടീമിന്റെ ഭാഗമായും, ഡ്യുറാന്‍ഡ് കപ്പില്‍ ഏറ്റവും മികച്ച ഭാവിതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയും ഖബ്ര തന്റെ അരങ്ങേറ്റ വര്‍ഷം ഗംഭീരമാക്കി. 2009-10 ഐലീഗ് സീസണിന് മുന്നോടിയായി ഈസ്റ്റ് ബംഗാളില്‍ ചേര്‍ന്ന്, 2010 എഎഫ്‌സി കപ്പിലും കളിച്ചു. ഈസ്റ്റ് ബംഗാളിനൊപ്പമുള്ള വിജയകരമായ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2014ലാണ് ചെന്നൈയിന്‍ എഫ്‌സിയില്‍ ചേര്‍ന്നത്.

2014 ലെ ഐഎസ്എൽ അരങ്ങേറ്റത്തോടെയാണ് ഫുട്ബോൾ പ്രേമികൾക്കിടയിൽ പ്രശസ്തനായത്. 2015ല്‍ ചെന്നൈ ഐഎസ്എല്ലില്‍ മുത്തമിട്ടപ്പോള്‍ നിര്‍ണായ സാന്നിധ്യമായി ഖബ്ര. 2017 ൽ ബാംഗ്ലൂർ എഫ്സിയുടെ ഭാഗമായ ഖബ്രയുടെ സാന്നിധ്യം ബാംഗ്ലൂർ കരുത്ത് വർധിപ്പിച്ചു. ഫോറിൻ താരങ്ങൾക്ക് ഒപ്പം അസാമാന്യ ഒത്തിണക്കം പ്രകടിപ്പിച്ച ഖബ്ര പൊസിഷൻ മാറി മാറി കളിച്ച് എതിരാളി തന്ത്രങ്ങൾക്ക് തലവേദനയായി. 2021 ൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും വിചാരിക്കാത്ത സമയത്ത് ശത്രുപാളയത്തിൽ നിന്നും ഖബ്ര ബ്ലാസ്റ്റേഴ്സിലെത്തി. ” വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്കിപ്പൊ കുട്ടിശ്ശങ്കരനോട് ” എന്ന സിനിമ ഡയലോഗ് പോലെ ഒരിക്കൽ തങ്ങൾ വെറുത്ത താരത്തെ മഞ്ഞപ്പട സ്നേഹിച്ച് തുടങ്ങി.

അച്ഛന്‍ എന്ന് ഗോളടിക്കും എന്നുള്ള മകളുടെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഒഡീഷയ്‌ക്കെതിരായ ഖബ്രയുടെ ആദ്യ ഐ.എസ് എൽ ഗോള്‍ പിറന്നത്. 100 മത്സരങ്ങളിൽ അധികം ഐ.എസ് എൽ കളിച്ച ഖബ്രയിൽ നിന ന്നും അകന്ന ഗോൾ സൂപ്പർ താരം അഡ്രിയാന്‍ ലൂണയുടെ കോര്‍ണറിന് ഉയര്‍ന്നു ചാടി തലകൊണ്ട് ചെത്തി പന്ത് വലയിലേക്ക് തിരിച്ചുവിടുമ്പോൾ അത് അർഹിച്ച അംഗീകാരമായി.റൈറ്റ് ബാക്ക്, വിംഗ് ബാക്ക്, ഫുള്‍ ബാക്ക്, മിഡ്ഫീല്‍ഡ് എന്നിങ്ങനെ കളിക്കാന്‍ കഴിവുള്ളതാരത്തെ പാളയത്തിൽ എത്തിച്ച കേരള ബ്ലാസ്റ്റേഴ്സ് നീക്കം മികച്ചതായിരുന്നു..എന്തായാലും നന്ദനം സിനിമ കുമ്പിടിയെ പോലെ ഖബ്ര എന്ന വന്മരം നിറഞ്ഞ് നിൽക്കുമ്പോൾ കോട്ട തകർക്കില്ല എന്ന വിശ്വാസത്തോടെ ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും മത്സരം ആസ്വദിക്കുന്നു എന്ന് ഉറപ്പിച്ച് പറയാം …

Rate this post