ഹസാർഡ് തകർപ്പൻ ഫോമിലേക്ക് തിരിച്ചുവരും, ബെൽജിയൻ സഹതാരത്തിനു പിന്തുണയറിയിച്ച് തിബോട് കോർട്‌വ

റയൽ മാഡ്രിഡിൽ ചെൽസിയിലേതുപോലെ മികവ് കണ്ടെത്താൻ ബുദ്ദിമുട്ടുന്ന താരമാണ് ഈഡൻ ഹസാർഡ്. പരിക്കുകളാണ് താരത്തിനു വലിയ പ്രതിസന്ധിയായി തുടരുന്നത്. റയൽ മാഡ്രിഡിൽ അവസാനമായി ഹസാർഡ് ഗോൾ നേടിയത് ഏകദേശം ഒരു വർഷം മുൻപാണെന്നത് ഹസാർഡിന്റെ പരിതാപകരമായ അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ താരത്തിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് റയൽ  മാഡ്രിഡ്‌ സൂപ്പർകീപ്പറും  ബെൽജിയൻ സഹതാരവുമായ തിബോട് കോർട്‌വാ. നിലവിലെ പരിക്കുകളിൽ നിന്നും മോചിതനായി റയൽ മാഡ്രിഡിനായി മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് കോർട്‌വ ആത്മവിശ്വാസത്തോടെ വ്യക്തമാക്കിയത്. പരിക്കിനു ശേഷം റയലിനായി കളിക്കാൻ ഇതുവരെ താരത്തിനു സാധിച്ചിട്ടില്ല. കണങ്കാലിന് പറ്റിയ പരിക്കിൽ നിന്നും തിരിച്ചുവന്നതിനു ശേഷം വീണ്ടും പറ്റിയതാണ് തിരിച്ചടിയായത്.

“ഹസാർഡ്? തീർച്ചയായും നമുക്ക് ഹസാർഡിനെ മികച്ച ഫോമിൽ തന്നെ കാണാൻ സാധിക്കും, അതിലെനിക്കൊരു സംശയവുമില്ല. എല്ലാവരേക്കാളും അതു ചെയ്തുകാണിക്കാൻ അദ്ദേഹത്തിനാണ് കൂടുതൽ ആഗ്രഹമുള്ളത്. ഞങ്ങൾക്കൊപ്പം തിരിച്ചുവരവിലാണ് അദ്ദേഹം. അധികം വൈകാതെ അദ്ദേഹത്തിനത് തെളിയിക്കാനാവുമെന്നു പ്രതീക്ഷിക്കുന്നു. “

പരിക്കിനു മുൻപ് കുറച്ചു മത്സരങ്ങൾ മികച്ച രീതിയിൽ തന്നെ കളിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പിന്നീടുണ്ടായത് നിർഭാഗ്യകരമായിരുന്നു. അതിൽ നിന്നും പുറത്തുവരുകയെന്നത് ദുഷ്കരം തന്നെയാണ്. എന്നാൽ ഈ മാസം അദ്ദേഹം മികച്ച രീതിയിൽ പരിശീലിക്കുന്നത് എനിക്ക് കാണാൻ സാധിച്ചു. അധികം വൈകാതെ തന്നെ അദ്ദേഹം തകർത്തു കളിക്കാൻ തുടങ്ങുമെന്നും ടീമിന് തന്നെ സന്തോഷം പകരുമെന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ” കോർട്‌വ സ്പാനിഷ് മാധ്യമമായ കാഡേനാ സെറിനോട് പറഞ്ഞു.