“എനിക്കേറ്റവും പ്രിയപ്പെട്ട സ്‌ട്രൈക്കറാണ് അവൻ”- അർജന്റീന താരത്തെ പ്രശംസിച്ച് സ്‌കലോണി

ലയണൽ സ്‌കലോണിയുടെ അർജന്റീന ടീമിലെ പ്രധാനപ്പെട്ട താരമാണ് ലൗടാരോ മാർട്ടിനസ്. അർജന്റീനിയൻ ക്ലബായ റേസിങ്ങിൽ കളിക്കുന്ന സമയം മുതൽ തന്നെ ദേശീയ ടീമിൽ ഉണ്ടായിരുന്ന താരം ലയണൽ മെസി കഴിഞ്ഞാൽ സ്‌കലോണിയുടെ അർജന്റീനയിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം കൂടിയാണ്. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ പ്രധാനിയാകും ലൗടാരോയെന്നും പ്രതീക്ഷിച്ചിരുന്നു.

എന്നാൽ ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ ലൗടാരോ മാർട്ടിനസിനു കഴിഞ്ഞില്ലായിരുന്നു. ആദ്യത്തെ മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്‌ത താരം പിന്നീട് പകരക്കാരനായി മാറി. ജൂലിയൻ അൽവാരസ് അവസരത്തിനൊത്ത് ഉയർന്നതോടെ പിന്നീടുള്ള എല്ലാ മത്സരങ്ങളിലും പകരക്കാരനായി മാറിയ താരത്തിനു ഒരു ഗോൾ പോലും ലോകകപ്പിൽ നേടാൻ കഴിഞ്ഞുമില്ല.

എന്നാൽ ലൗടാരോ മാർട്ടിനസ് തന്റെ അർജന്റീന ടീമിന് അവിഭാജ്യഘടകമാണെന്നാണ് പരിശീലകൻ ലയണൽ സ്‌കലോണി കഴിഞ്ഞ ദിവസം പറഞ്ഞത്. അർജന്റീന ടീമിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസ് ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നത് പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നത് കൊണ്ടുമാണെന്ന് സ്കൈ സ്പോർട്ട്സിനോട് സ്‌കലോണി പറഞ്ഞു.

“എനിക്ക് ഏറ്റവും പ്രധാനപ്പെട്ട താരമാണ് ലൗടാരോ മാർട്ടിനസ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌ട്രൈക്കറാണ് അവൻ, അതിനൊപ്പം ഒരു വ്യക്തിയെന്ന നിലയിലും ലൗടാരോയെ ഞാൻ വളരെയധികം ഇഷ്‌ടപ്പെടുന്നു. ലോകകപ്പിനായി പരിക്കിന്റെ ബുദ്ധിമുട്ടുകളും കൊണ്ടാണ് താരം വന്നത്, എന്നാൽ ഹോളണ്ടിനെതിരെ ഞങ്ങൾക്ക് ആവശ്യം വന്നപ്പോൾ താരം അവിടെ ഉണ്ടായിരുന്നു.” സ്‌കലോണി പറഞ്ഞു.

ലോകകപ്പിലെ തന്റെ ഫോം നഷ്‌ടം താൽക്കാലികമാണെന്ന് ടൂർണമെന്റിന് ശേഷം ലൗടാരോ മാർട്ടിനസ് തെളിയിച്ചിട്ടുണ്ട്. ലോകകപ്പിന് ശേഷം ഇന്റർ മിലാനിലേക്ക് തിരിച്ചെത്തിയ താരം ഇന്റർ മിലാനു വേണ്ടി ഗോളുകൾ അടിച്ചു കൂട്ടുകയാണ്. നിലവിൽ സീരി എയിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ലൗടാരോ മാർട്ടിനസ്.

Rate this post