കാൻസർ ബാധിച്ചു മൂന്നു ശസ്ത്രക്രിയക്കു വിധേയനായി; വെളിപ്പെടുത്തലുമായി മാനുവൽ ന്യൂയർ

ഖത്തർ ലോകകപ്പിൽ കിരീടം നേടാൻ ജർമൻ ടീം സുസജ്ജമാണെന്ന് ആരാധകർ ആരാധകർ കരുതിയിരിക്കെ കാൻസർ ബാധിച്ച വിവരം വെളിപ്പെടുത്തി ജർമനിയുടെ പ്രധാന ഗോൾകീപ്പറായ മാനുവൽ ന്യൂയർ. മുഖത്താണ് അർബുദം ബാധിച്ചതെന്നും ചികിത്സക്കായി മൂന്നു തവണ ശസ്ത്രക്രിയ വേണ്ടി വന്നുവെന്നും താരം ഇന്ന് അറിയിക്കുകയുണ്ടായി.

ടെന്നീസ് താരമായ ഏഞ്ചലിക് കെർബർക്കൊപ്പം തൊലിയുടെ സുരക്ഷക്കുള്ള ഉൽപന്നം ന്യൂയർ പുറത്തിറക്കിയിരുന്നു. ഇതിനിടയിലാണ് ക്യാൻസർ ബാധിച്ചിരുന്നുവെന്ന വിവരം ന്യൂയർ അറിയിച്ചത്. കെർബർക്കും തനിക്കും തൊലിയുമായി ബന്ധപ്പെട്ട അസുഖം വന്നിട്ടുണ്ടെന്നു പറഞ്ഞ താരം അതിനൊപ്പം തനിക്ക് അസുഖം ബാധിച്ചതും വെളിപ്പെടുത്തി. സ്കിൻ കാൻസറിൽ നിന്നും രക്ഷപ്പെടാൻ സൂര്യപ്രകാശത്തിൽ നിന്നും സുരക്ഷ പ്രധാനമാണെന്നും താരം ഓർമിപ്പിച്ചു.

അർബുദം ബാധിച്ചു ചികിത്സ നടത്തിയത് മാനുവൽ ന്യൂയറുടെ ലോകകപ്പിലെ പങ്കാളിത്തത്തെ ബാധിക്കില്ല. ഒക്ടോബറിൽ തോളിനു പരിക്കേറ്റ താരം അതിനു ശേഷം ബയേണിനു വേണ്ടി കളിച്ചിട്ടില്ല. താരത്തിന് ലോകകപ്പ് നഷ്ടമാകുമോയെന്ന ആശങ്ക ആരാധകർക്കുണ്ടെങ്കിലും അടുത്ത ബുണ്ടസ് ലിഗ മത്സരത്തിൽ ന്യൂയർ തിരിച്ചെത്തുമെന്ന് ബയേൺ പരിശീലകൻ വ്യക്തമാക്കി.

മുപ്പത്തിയാറാം വയസിലും തകർപ്പൻ പ്രകടനം നടത്തുന്ന ന്യൂയർ ബയേൺ മ്യൂണിക്കിന്റെയും ജർമനിയുടെയും ഒന്നാം നമ്പർ ഗോൾകീപ്പറാണ്. വളരെയധികം പരിചയസമ്പത്തുള്ള താരത്തിന്റെ പൊസിഷനിംഗ് മികവ് ഗംഭീരമാണ്. അതു കൊണ്ടു തന്നെയാണ് ടെർ സ്റ്റീഗനെപ്പോലെ മികച്ച കീപ്പർമാരുണ്ടെങ്കിലും ഇപ്പോഴും വെറ്ററൻ താരത്തെ ജർമനി വിശ്വസിക്കുന്നത്.

Rate this post