ഹോളണ്ട് 2022 ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. അവസാന യോഗ്യത റൗണ്ട് മത്സരത്തിൽ നോർവേയെ തോൽപ്പിച്ചതോടെയാണ് നെതർലന്റ്സ് യോഗ്യത ഉറപ്പിച്ചത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോളിലെ ഓറഞ്ച് സൗന്ദര്യം ലോകകപ്പിൽ വീണ്ടും ആസ്വദിക്കാം. ഗ്രൂപ്പ് ജിയിലെ അവസാന പോരാട്ടത്തിൽ നോർവേ ഉയർത്തിയ വെല്ലുവിളി അവസാന 10 മിനിറ്റുകളിൽ നേടിയ രണ്ട് ഗോളുകളുടെ ബലത്തിൽ മറികടന്ന് നെതർലൻഡ്സ് ഖത്തർ ലോകകപ്പിന് യോഗ്യത നേടിയത്.2018ലെ റഷ്യൻ ലോകകപ്പിന് ഹോളണ്ടിന് യോഗ്യത ലഭിച്ചിരുന്നില്ല. പരാജയപ്പെട്ടതോടെ നോർവേ സ്ട്രൈക്കറും ഫുട്ബോളിലെ വലിയ സൂപ്പർസ്റ്റാറും ആയ ഹാളണ്ട് ലോകകപ്പിന് ഉണ്ടാകില്ല എന്നും ഉറപ്പായി.
സമനില മതിയായിരുന്നു ഹോളണ്ടിന് യോഗ്യത ലഭിക്കാൻ. എങ്കിലും വിജയം തന്നെ നേടാൻ അവർക്കായി. 84ആം മിനുട്ടിൽ ബെർഗ്വൈൻ ആണ് വാൻ ഹാലിന്റെ ടീമിന് ലീഡ് നൽകിയത്. പിന്നാലെ ഇഞ്ച്വറി ടൈമിൽ ഡിപായും ഹോളണ്ടിനായി ഗോൾ നേടി.ഒന്നാന്തരമൊരു കൗണ്ടർ അറ്റാക്കിലൂടെ മുന്നേറിയ ബെർഗ്വയ്ൻ തന്നെയാണ് രണ്ടാം ഗോളിനും വഴിയൊരുക്കിയത്. പന്തുമായി ശരവേഗത്തിൽ കുതിച്ച ടോട്ടൻഹാം വിംഗർ ബോക്സിന് മുന്നിലേക്ക് നൽകിയ ക്രോസ് സ്വീകരിച്ച മെംഫിസ് ഡിപ്പെ പന്ത് അനായാസം വലയിലാക്കി.ഗ്രൂപ്പ് ജിയിൽ 10 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായാണ് നെതർലൻഡ്സ് ലോകകപ്പ് യോഗ്യത നേടിയത്. 21 പോയിന്റ് നേടിയ തുർക്കി പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ചപ്പോൾ 18 പോയിന്റ് മാത്രമുള്ള നോർവേ പുറത്തായി. 1998ലാണ് നോർവേ അവസാനമായി ലോകകപ്പിൽ കളിച്ചത്.
2-1ന് മോണ്ടിനെഗ്രോയെ തോൽപ്പിച്ച് തുർക്കി ലോകകപ്പ് പ്ലേ ഓഫ് സ്പോട്ട് ബുക്ക് ചെയ്തു. ഇന്നലത്തെ മത്സരം വിജയിച്ചതോടെ 21 പോയിന്റുമായി ഹോളണ്ടിന് പിന്നിൽ രണ്ടാമതായാണ് തുർക്കി പ്ലെ ഓഫിന് യോഗ്യതെ നേടിയത്. നാലാം മിനുട്ടിൽ തുർക്കിയെ ഞെട്ടിച്ചു കൊണ്ട് മോണ്ടിനെഗ്രോ ഫോർവേഡ് ഫാറ്റോസ് ബെസിരാജ് ഗോൾ നേടി.22-ാം മിനിറ്റിൽ മിഡ്ഫീൽഡർ അബ്ദുൾകാദിർ ഒമൂർ നൽകിയ മികച്ച ക്രോസ് ബൈസിക്കിൾ കിക്കിലൂടെ ഫോർവേഡ് കെരെം അക്തുർകോഗ്ലു മോണ്ടിനെഗ്രോ വലയിലെത്തിച്ച സമനിലയിലാക്കി.രണ്ടാം പകുതിയിൽ തുർക്കി കനത്ത സമ്മർദം ചെലുത്തി. ബോക്സിന് പുറത്ത് നിന്ന് 20 കാരനായ ഫോർവേഡ് ഓർകുൻ കൊക്കുവിന്റെ ഡ്രൈവ് കീപ്പർ മതിജ സാർക്കിച്ചിനെ നിസ്സഹായനാക്കി വലയിൽ കയറി ഇതോടെ തുർക്കി വിജയവും പ്ലെ ഓഫും ഉറപ്പിച്ചു.
🇹🇷 🆚 🇲🇪 When Turkey & Montenegro last met 🚀#WCQ pic.twitter.com/8EP7ODwGSq
— European Qualifiers (@EURO2024) November 16, 2021
ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്ന ഫ്രാൻസ് മറ്റൊരു വിജയത്തോടെ ലോകകപ്പ് യോഗ്യത റൗണ്ട് അവസാനിപ്പിച്ചു. ഫിൻലാൻഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും വന്നത്. 66ആം മിനുട്ടിൽ ബെബ്സീമ ആണ് ആദ്യം ഗോൾ നേടിയത്. പത്തു മിനുട്ട് കഴിഞ്ഞ് എമ്പപ്പെയും ഫ്രാൻസിനായി ഗോൾ നേടിയതോടെ വിജയം ഉറപ്പായി.എട്ടു മത്സരങ്ങളിൽ 18 പോയിന്റുമായാണ് ദെഷാംസിന്റെ ടീം ഗ്രൂപ്പ് ഘട്ടം ഒന്നാമത് അവസാനിപ്പിച്ചത്.
ബോസ്നിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഉക്രൈൻ ഫ്രാൻസിന് പിന്നിലായിൽ പ്ലെ ഓഫ് ബർത്ത് ഉറപ്പിച്ചു.ഒലെക്സാണ്ടർ സിൻചെങ്കോയും ആർട്ടെം ഡോവ്ബിക്കും രണ്ടാം പകുതിയിൽ നേടിസി ഗോളുകൾക്കാണ് ഉക്രൈൻ ബോസ്നിയയെ പരാജയപ്പെടുത്തിയത്. ഫിൻലാൻഡ് ഫ്രാൻസിനോട് പരാജയപ്പെട്ടതോടെയാണ് ഉക്രൈന് പ്ലെ ഓഫ് യോഗ്യത നേടിയത്. ഉക്രൈനിന് 12 പോയിന്റും ഫിൻലാൻഡിന് 11 പോയിന്റുമാണുള്ളത്.
കാർഡിഫിൽ നടന്ന ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ വെയിൽസ് ബെൽജിയത്തെ സമനിലയിൽ കുരുക്കി പ്ലെ ഓഫിന് യോഗ്യത നേടി. ആദ്യ പകുതിയിൽ ഡി ബ്രൂയിൻ ബെൽജിയത്തിലെ മുന്നിലെത്തിച്ചെങ്കിലും കീഫർ മൂർ 32 ആം മിനുട്ടിൽ നേടിയ ഗോളിൽ വെയിൽസ് സമനില പിടിച്ചു.നേഷൻസ് ലീഗ് ഫലങ്ങളാൽ അടുത്ത മാർച്ചിൽ പ്ലേഓഫിൽ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കിലും, ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി പ്ലെ ഓഫ് ഉറപ്പിക്കാൻ വെയ്ൽസിനായി.നാല് വർഷമായി ഒരു ഹോം ക്വാളിഫയർ തോൽക്കാത്ത വെയിൽസ്, 1958 ന് ശേഷം ആദ്യമായി ലോകകപ്പ് സ്ഥാനത്തിനായുള്ള മത്സരത്തിലാണ്.